ലഖ്നൗവിൽ ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം കനത്ത മഞ്ഞുവീഴ്ച മൂലം ഉപേക്ഷിച്ചതിനെച്ചൊല്ലി പാര്ലമെന്റിലും കോണ്ഗ്രസ് നേതാക്കള് തമ്മില് വാദപ്രതിവാദം.
കേരളത്തില് നിന്നുള്ള കോണ്ഗ്രസ് എംപി ശശി തരൂരും കോണ്ഗ്രസ് നേതാവും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ലയുമാണ് മത്സരം ഉപേക്ഷിച്ചതിനെച്ചൊല്ലി പാര്ലമെന്റില് വാദപ്രതിവാദത്തില് ഏര്പ്പെട്ടത്.
ഡിസംബര്-ജനുവരി മാസങ്ങളില് മത്സരക്രമം തീരുമാനിക്കുമ്പോള് കൂടുതല് ശ്രദ്ധവേണമെന്ന് രാജിവ് ശുക്ല പറഞ്ഞു. ജനുവരിയിലെ മത്സരങ്ങള് മഞ്ഞുവീഴ്ച തുടങ്ങിയ പ്രശ്നങ്ങളൊന്നുമില്ലാത്ത കേരളത്തിലേക്ക് മാറ്റാമല്ലോ എന്ന് ശശി തരൂര് ചോദിച്ചു.
എന്നാല് ബിസിസിഐ റൊട്ടേഷന് പോളിസി പ്രകാരം കേരളത്തിന് മത്സരങ്ങള് അനുവദിച്ചിട്ടുണ്ടെന്നും ഇനിയും അത് അനുവദിക്കുമെന്നും ശുക്ല മറുപടി നല്കി. എന്നാല് ശൈത്യകാല വിന്ഡോയില് കേരളത്തില് മത്സരങ്ങള് നടത്തുന്നതിന് തടസമില്ലെന്ന് തരൂര് ആവര്ത്തിച്ചപ്പോള് എന്നാല് പിന്നെ എല്ലാ മത്സരങ്ങളും കേരളത്തില് നടത്താമെന്നായിരുന്നു ശുക്ലയുടെ പരിഹാസ മറുപടി.
ലഖ്നൗവിലെ ഏക്നാ സ്റ്റേഡിയത്തില് ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഞ്ഞുവീഴ്ചയെ തുടര്ന്ന് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ കനത്ത പുകമഞ്ഞ് മൂലം ശ്വാസം മുട്ടുന്ന ഉത്തരേന്ത്യയില് തന്നെ സമയത്ത് മത്സരം വെച്ചത് ബിസിസിഐയുടെ പക്ഷപാതപരമായ തീരുമാനമാണെന്ന് തരൂര് വിമര്ശിച്ചു. തുടർന്നാണ് വാക് പോര് പാർലമെന്റിലേക്കും നീണ്ടത്.
Content Highlights: shashi tharoor and rajiv shukla issue on india- south africa match