ഇംഗ്ലിസ് കളിക്കുക നാല് മത്സരങ്ങൾ മാത്രം; 8.6 കോടിക്ക് വിളിച്ച് ഗോയങ്ക; ചെയ്തത് മണ്ടത്തരമോ?

വെറും നാലു മത്സരങ്ങളില്‍ മാത്രമെ കളിക്കൂ എന്ന് ഇംഗ്ലിസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഐപിഎല്‍ മിനി താരലേലത്തിലെ അവസാന റൗണ്ടും അവസാനിപ്പിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചത് ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ഒരു വിളിയായിരുന്നു. ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനായി ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക 8.6 കോടി മുടക്കാന്‍ തയാറായതാണ് ആരാധകരെ അമ്പരപ്പിച്ചത്.

8.6 കോടി ഒരു വിദേശതാരത്തിന് മുടക്കുന്ന വലിയ തുകയൊന്നുമല്ലെങ്കിലും ഇത്തവണ ഐപിഎല്ലില്‍ വെറും നാലു മത്സരങ്ങളില്‍ മാത്രമെ കളിക്കൂ എന്ന് ഇംഗ്ലിസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏപ്രിലില്‍ വിവാഹിതനാവാന്‍ പോവുന്നതിനാലാണ് ഐപിഎല്ലില്‍ നാലു മത്സരങ്ങളില്‍ മാത്രം കളിക്കുന്നതെന്ന് ഇംഗ്ലിസ് പറഞ്ഞിരുന്നു.

താരലേലത്തില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഇംഗ്ലിസിനായി മുന്‍ ടീമായ പഞ്ചാബ് കിംഗ്സ് ആണ് ആദ്യം രംഗത്തത്തിയത്. ലേലത്തിന് മുമ്പ് കൈയൊഴിഞ്ഞ ഇംഗ്ലിസിനെ ലേലത്തില്‍ കുറഞ്ഞ തുകയക്ക് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പഞ്ചാബ്.

എന്നാല്‍ ഇംഗ്ലിസിനായി പഞ്ചാബിനൊപ്പം ലഖ്‌നൗവും ശക്തമായി രംഗത്തെത്തിയതോടെ ഓസീസ് താരത്തിന്‍റെ വില ഉയര്‍ന്നു. ഒടുവിൽ ലഖ്‌നൗ തങ്ങളുടെ തട്ടകത്തിലെത്തിച്ചു. ടീമില്‍ ക്യാപ്റ്റൻ റിഷഭ് പന്തും വിദേശ കീപ്പറായി നിക്കോളാസ് പുരാനും വിക്കറ്റ് കാക്കാനുള്ളപ്പോള്‍ ഇംഗ്ലിസിനായി ഇത്രയും ഉയര്‍ന്ന തുക മുടക്കിയത് വലിയ മണ്ടത്തരമായിപ്പോയെന്നാണ് വിലയിരുത്തല്‍.

Content Highlights: sanjiv goenka blunder over josh inglis in ipl aution 2026

To advertise here,contact us