രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത്യൻ താരം സർഫറാസ് ഖാൻ. ആദ്യ റൗണ്ടിൽ അൺസോൾഡായ സർഫറാസിനെ രണ്ടാം റൗണ്ടിൽ ചെന്നൈ സൂപ്പർ കിങ്സാണ് അടിസ്ഥാന വിലയായ 75 ലക്ഷം നൽകി ടീമിലെത്തിച്ചത്. ഇതിന് പിന്നാലെ സർഫറാസ് വൈകാരികമായി പ്രതികരിക്കുകയും ചെയ്തു.
ഐപിഎല്ലിൽ ഒരു അവസരം കൂടി നൽകിയതിന് ചെന്നൈ സൂപ്പര് കിങ്സിന് സർഫറാസ് നന്ദി അറിയിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സ് തനിക്ക് ഒരു പുതിയ ജീവിതമാണ് നൽകിയതെന്നാണ് സർഫറാസ് ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്.
Sarfaraz Khan is thankful to CSK for giving him a new life. 🥹❤️ pic.twitter.com/jKlTBbbqZw
കഴിഞ്ഞ വര്ഷത്തെ ഐപിഎൽ മെഗാലേലത്തിൽ സർഫറാസിനെ ആരും വാങ്ങിയിരുന്നില്ല. ശരീരഭാരം കുറച്ച് മികച്ച ഫിറ്റ്നസ് കൈവരിച്ച് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനിടെയാണ് സർഫറാസ് ഐപിഎല്ലിലേക്ക് വീണ്ടും തിരിച്ചെത്തിയത്. 2023ല് ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് സർഫറാസ് അവസാനമായി ഐപിഎല്ലില് കളിച്ചത്.
2015ൽ തന്റെ 17–ാം വയസ്സിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സർഫറാസ് പിന്നീട് പഞ്ചാബ് കിങ്സിലേക്കും ഡൽഹി ക്യാപിറ്റൽസിലേക്കും മാറി. ഐപിഎല്ലിൽ 50 മത്സരങ്ങളിൽനിന്ന് 585 റൺസാണ് സർഫറാസ് അടിച്ചെടുത്തിട്ടുള്ളത്.
Content Highlights: IPL Auction 2026: Sarfaraz Khan Thanks to Chennai Super Kings