പിള്ളേര് ചില്ലറക്കാരല്ല!; പ്രശാന്തിനെയും കാർത്തിക്കിനെയും കോടികളെറിഞ്ഞ് CSK സ്വന്തമാക്കാൻ കാരണമുണ്ട്

ലേലത്തിൽ ഏറ്റവും മൂല്യമേറിയ അണ്‍ക്യാപ്‌ഡ് താരങ്ങളായി മാറിയത് പ്രശാന്ത് വീറും കാര്‍ത്തിക്ക് ശര്‍മയുമാണ്

ഐ പി എൽ 2026 മിനി താര ലേലത്തിൽ പുരോഗമിക്കുകയാണ്. ലേലത്തിൽ ഏറ്റവും മൂല്യമേറിയ അണ്‍ക്യാപ്‌ഡ് താരങ്ങളായി മാറിയത് പ്രശാന്ത് വീറും കാര്‍ത്തിക്ക് ശര്‍മയുമാണ്.

ചെന്നൈ സൂപ്പര്‍ കിങ്സ് തന്നെയാണ് ഇരു താരങ്ങളെയും വിളിച്ചെടുത്തത്. 14 കോടി 20 ലക്ഷം രൂപ വീതമാണ് ഇരുവർക്കും നൽകിയത്.

പത്തൊമ്പത് വയസ്സ് മാത്രമുള്ള കാർത്തിക്കിനെ കൊൽക്കത്തയുടെ വെല്ലുവിളി മറികടന്നാണ് ചെന്നൈ ടീമിലെത്തിച്ചത്. രാജസ്ഥാന്റെ വിക്കറ്റ് കീപ്പർ, മധ്യനിര ബാറ്ററായ കാര്‍ത്തിക്ക് ബിഗ് ഹിറ്റ‍ര്‍ കൂടിയാണ്.

ട്വന്റി 20 യിൽ 11 ഇന്നിങ്സുകളില്‍ നിന്ന് 334 റണ്‍സ് നേടിയിട്ടുണ്ട്. 160ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന താരം 28 സിക്സറുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രാജസ്ഥാനുവേണ്ടി 133 റണ്‍സും 11 സിക്സറുകളും നേടി.

2025-26 സീസണിലെ രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയതും കാര്‍ത്തിക്കാണ്, അഞ്ച് മത്സരങ്ങളില്‍ നിന്ന് 55 ശരാശരിയില്‍ 331 റണ്‍സും സ്വന്തമാക്കി.

രവീന്ദ്ര ജഡേജയുടെ പകരക്കാരനായാണ് 20 കാരനായ പ്രശാന്ത് വീര്‍ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുന്നത്. യുപിക്കായി ഈ സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ഏഴ് കളികളില്‍ നിന്ന് ഒൻപത് വിക്കറ്റ് താരം നേടി. 170 സ്ട്രൈക്ക് റേറ്റില്‍ 112 റണ്‍സും സ്കോര്‍ ചെയ്തു.

Content Highlights: IPL 2026 Auction: who is prashant veer and kartik-sharma , csk

To advertise here,contact us