സഞ്ജുവിന് ലോകകപ്പിലും പ്രതീക്ഷ വേണ്ട? സൂചന നല്‍കി അഭിഷേകിന്റെ വാക്കുകള്‍

സൂര്യകുമാർ യാദവിന്റെയും ഗില്ലിന്റെയും പരമ്പരയിലെ ഫോമിനെ കുറിച്ച് സംസാരിക്കവേയാണ് അഭിഷേക് ലോകകപ്പ് ടീമിനെ കുറിച്ചുള്ള സൂചന നൽകിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ കുറിച്ചുള്ള ചർച്ചകളാണ് ക്രിക്കറ്റ് സർക്കിളുകളിൽ ഇപ്പോൾ സജീവമാവുന്നത്. പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരത്തിലും സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടംലഭിച്ചിരുന്നില്ല. ജിതേഷ് ശർമ ഫിനിഷർ റോളിൽ കളിച്ചപ്പോൾ സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടി വന്നു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ ശുഭ്മൻ ഗില്ലിന് തന്നെയാവും ഓപ്പണർ സീറ്റ് കൊടുക്കുക. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജു സാംസണെ ഇന്ത്യ കളിപ്പിക്കുമോ ഇനി സഞ്ജുവിന്റെ ഭാവി എന്താവുമെന്നതും ആരാധകരെ ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങളാണ്.

ഇപ്പോഴിതാ ലോകകപ്പ് ടീമി‍ൽ സഞ്ജുവിന്റെ സ്ഥാനത്തെ കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിരിക്കുകയാണ് ഓപ്പണർ അഭിഷേക് ശർമയുടെ വാക്കുകൾ. ക്യാപ്റ്റനായ സൂര്യകുമാർ യാദവിന്റെയും വൈസ് ക്യാപ്റ്റൻ ​ഗില്ലിന്റെയും പരമ്പരയിലെ ഫോമിനെ കുറിച്ച് സംസാരിക്കവേയാണ് അഭിഷേക് ലോകകപ്പ് ടീമിനെ കുറിച്ചുള്ള സൂചന നൽകിയത്.

'എന്നെ വിശ്വസിക്കൂ, ടി20 ലോകകപ്പിലും അതിനു മുമ്പുള്ള പരമ്പരയിലും നമ്മുടെ ടീമിനെ വിജയിപ്പിക്കാൻ പോകുന്നത് സൂര്യയും ഗില്ലുമായിരിക്കും. ഞാൻ വളരെക്കാലമായി അവരോടൊപ്പം കളിക്കുന്നു, പ്രത്യേകിച്ച് ശുഭ്മൻ. അതിനാൽ ഏത് ടീമായാലും ഏത് മത്സരങ്ങളായാലും ഗില്ലിന് വിജയിക്കാനാകുമെന്ന് എനിക്കറിയാം', അഭിഷേക് പറഞ്ഞു.

അഭിഷേകിന്റെ ഈ പ്രസ്താവനയിൽ നിന്ന് ടീം മാനേജ്‌മെന്റ് ഇപ്പോഴും ശുഭ്മൻ ഗില്ലിൽ ആത്മവിശ്വാസം അർപ്പിച്ചിരിക്കുകയാണെന്ന് മനസ്സിലാക്കാം. അത്തരമൊരു സാഹചര്യത്തിൽ സഞ്ജു സാംസണ് ലോകകപ്പ് ടീമിലും ബെഞ്ചിൽ ഇരിക്കേണ്ടി വന്നേക്കാം.

Content Highlights: Sanju Samson doesn't have any hope in the T20 World Cup either? Abhishek Sharma's words hinted

To advertise here,contact us