

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 പോരാട്ടത്തിൽ ഒറ്റ ഓവറിൽ തുടരെ വൈഡുകളെറിഞ്ഞ് വിമർശനങ്ങളേറ്റുവാങ്ങുകയാണ് ഇന്ത്യയുടെ യുവപേസർ അർഷ്ദീപ് സിംഗ്. ഇന്ത്യയ്ക്ക് വേണ്ടി 11-ാം ഓവർ എറിഞ്ഞ താരം ഏഴ് വൈഡുകൾ അടക്കം 13 പന്തുകളാണ് എറിഞ്ഞത്. ഈ ഓവറിൽ ഒരു സിക്സറടക്കം 18 റൺസാണ് ദക്ഷിണാഫ്രിക്ക സ്കോർബോർഡിൽ ചേർത്തത്.
അർഷ്ദീപ് തുടർച്ചയായി വൈഡ് എറിഞ്ഞതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിന്റെ പ്രതികരണങ്ങളും ഇപ്പോൾ ചർച്ചയാവുകയാണ്. ഡഗൗട്ടിലിരിക്കുകയായിരുന്ന ഗംഭീർ അർഷ്ദീപിനെതിരെ വളരെ ദേഷ്യത്തോട് പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബോളിങ് കോച്ച് മോണി മോർക്കലും ബോളിങ് പ്രകടനത്തിലെ നിരാശ പ്രകടിപ്പിച്ചു.
മുല്ലന്‍പൂരില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 11–ാം ഓവറിൽ ആദ്യ പന്തിൽ തന്നെ അർഷ്ദീപിനെ ക്വിന്റൺ ഡി കോക്ക് സിക്സറിന് പറത്തി. തൊട്ടടുത്ത പന്താണ് ഓവറിലെ ആദ്യ വൈഡ്. വീണ്ടും ഒരു വൈഡ് കൂടി എറിഞ്ഞ ശേഷമാണ് ലീഗലായ രണ്ടാമത്തെ പന്ത് വന്നത്. എന്നാൽ മൂന്നാം ലീഗൽ പന്തിനിടെ നാല് വൈഡുകൾ കൂടി അർഷദീപ് എറിഞ്ഞു. ഇതോടെ ദക്ഷിണാഫ്രിക്കൻ സ്കോർബോർഡിൽ 100 റൺസ് കടക്കുകയും ചെയ്തു. അവസാന ലീഗൽ പന്ത് എറിയുന്നതിന് മുൻപ് ഒരു വൈഡ് കൂടി അർഷ്ദീപ് എറിഞ്ഞു. ഇതോടെ ഏഴു വൈഡുകളും ആറു ലീഗൽ പന്തുകളുമടക്കം 13 പന്തുകളാണ് അർഷ്ദീപിന് എറിയേണ്ടി വന്നത്.
ഇതോടെ പുരുഷ ടി20 യിൽ ഏറ്റവും ദൈർഘ്യമേറിയ ഓവർ എറിഞ്ഞ അനാവശ്യ റെക്കോർഡ് അഫ്ഗാനിസ്ഥാൻ താരം നവീൻ ഉൽ ഹഖിനൊപ്പം അർഷ്ദീപിന്റെ പേരിലുമായി. മത്സരത്തിൽ നാലോവർ എറിഞ്ഞ താരം 54 റൺസും വിട്ടുകൊടുത്തു. താരത്തിന് വിക്കറ്റൊന്നും നേടാനുമായില്ല. ജസ്പ്രീത് ബുംറ നാലോവർ എറിഞ്ഞ് 45 റൺസ് വിട്ടുകൊടുത്തപ്പോൾ ഹാർദിക് മൂന്നോവറിൽ 34 റൺസും ശിവം ദുബെ രണ്ടോവറിൽ 18 റൺസും വിട്ടുകൊടുത്തു. സ്പിന്നർമാരിൽ വരുൺ ചക്രവർത്തി നാലോവർ എറിഞ്ഞ് 29 റൺസ് കൊടുത്ത് രണ്ട് വിക്കറ്റ് നേടിയപ്പോൾ അക്സർ പട്ടേൽ മൂന്നോവറിൽ 27 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.
അതേസമയം മത്സരത്തിൽ ഇന്ത്യ 51 റൺസിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി. ഇന്ത്യൻ നിരയിൽ തിലക് വർമ(62), ജിതേഷ് ശർമ(27 ), അക്സർ പട്ടേൽ(21 ), ഹാർദിക് പാണ്ഡ്യാ(20 ) എന്നിവർ മാത്രമാണ് തിളങ്ങിയത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ , ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒട്ട്നീൽ ബാർട്ട്മാൻ നാല് വിക്കറ്റും മാർക്കോ യാൻസെൻ, ലൂത്തോ സിപാംല, ലുങ്കി എൻഗിഡി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlights: IND vs SA: Furious Gautam Gambhir caught on camera after Arshdeep bowls 7 wides in an over