വിജയ് മര്‍ച്ചന്റ് ട്രോഫി; മണിപ്പൂരിനെ തകര്‍ത്ത് കേരളം

ആദ്യ ഇന്നിങ്സിൽ 64 റൺസായിരുന്നു മണിപ്പൂർ നേടിയത്

വിജയ് മർച്ചൻ്റ് ട്രോഫി ടൂർണമെന്റിൽ മണിപ്പൂരിനെ തകർത്തെറിഞ്ഞ് കേരളം. ഇന്നിങ്സിനും 169 റൺസിനുമാണ് കേരളം മിന്നും വിജയം സ്വന്തമാക്കിയത്. 248 റൺസിൻ്റെ ലീഡ് നേടിയ കേരളം ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂർ 79 റൺസിന് എല്ലാവരും പുറത്തായതോടെയാണ് ത്രിദിന മത്സരത്തിൻ്റെ രണ്ടാം ദിവസം തന്നെ കേരളം വിജയം പിടിച്ചെടുത്തത്.

ആദ്യ ഇന്നിങ്സിൽ 64 റൺസായിരുന്നു മണിപ്പൂർ നേടിയത്. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഇഷാൻ എം രാജിൻ്റെയും എട്ട് വിക്കറ്റ് വീഴ്ത്തിയ എസ് വി ആദിത്യൻ്റെയും പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ വിശാൽ ജോർജിൻ്റെ വിക്കറ്റ് നഷ്ടമായി.

72 റൺസായിരുന്നു വിശാൽ നേടിയത്. മറുവശത്ത് തകർപ്പൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്ന ക്യാപ്റ്റൻ ഇഷാൻ എം രാജ് 100 റൺസെടുത്ത് പുറത്തായി. 98 പന്തുകളിൽ 17 ബൗണ്ടറികളടങ്ങുന്നതായിരുന്നു ഇഷാൻ്റെ ഇന്നിങ്സ്. തുടർന്നെത്തിയ അഭിനവ് ആർ നായർ 42 റൺസുമായി പുറത്താകാതെ നിന്നു.

അദ്വൈത് വി നായർ 32 റൺസെടുത്തു. ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ കേരളം ഇന്നിങ്സ് ഡിക്ലർ ചെയ്തു. മണിപ്പൂരിന് വേണ്ടി റൊമേഷ്, ബുഷ് സഗോൾസെം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂരിനെ എസ് വി ആദിത്യൻ്റെ ഉജ്ജ്വല ബൗളിങ്ങാണ് തകർത്തെറിഞ്ഞത്. എട്ട് വിക്കറ്റാണ് ആദിത്യൻ നേടിയത്. ആദ്യ ഇന്നിങ്സിൽ ആദിത്യൻ നാല് വിക്കറ്റും വീഴ്ത്തിയിരുന്നു. വെറും 79 റൺസിന് മണിപ്പൂർ ഓൾഔട്ടായതോടെ കേരളം 169 റൺസിൻ്റെ കൂറ്റൻ വിജയം സ്വന്തമാക്കി. 12 മുതൽ നടക്കുന്ന മത്സരത്തിൽ കേരളം മുംബൈയെ നേരിടും.

Content highlights: Kerala Beats Manipur in Vijay Merchant Trophy Cricket

To advertise here,contact us