കാമുകി മഹിക ശർമയുടെ ചിത്രങ്ങൾ മോശം രീതിയിൽ പകര്ത്തിയ പാപ്പരാസികള്ക്കെതിരെ തുറന്നടിച്ച് ഇന്ത്യൻ സൂപ്പർ താരം ഹാര്ദിക് പാണ്ഡ്യ. ഒരു റസ്റ്റോറന്റില് നിന്നും മഹിക ശർമ ഇറങ്ങിവരുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അതിരുവിട്ട പ്രവര്ത്തിയാണ് പാപ്പരാസികള് നടത്തിയതെന്നും കുറച്ചൊക്കെ മര്യാദയാകാമെന്നും ഹാര്ദിക് ഇന്സ്റ്റ സ്റ്റോറിയില് കുറിച്ചു. സ്ത്രീകള്ക്ക് അന്തസ്സും സ്വകാര്യതയുമുണ്ടെന്നും അത് മാനിക്കാന് മാധ്യമങ്ങൾ തയാറാവണമെന്നും താരം തുറന്നടിച്ചു.
'സെലിബ്രിറ്റികളെന്ന നിലയില് പൊതുവേദികളിൽ ഞങ്ങളെ കൂടുതല്പേര് ശ്രദ്ധിക്കുമെന്നും അത് ഞാൻ തിരഞ്ഞെടുത്ത എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എനിക്ക് നന്നായറിയാം. പക്ഷേ ഇന്ന് അതിരുവിട്ട ചിലത് ഇന്ന് സംഭവിച്ചു. ബാന്ദ്രയിലെ ഒരു റസ്റ്റോറന്റില് നിന്നും മഹിക സ്റ്റെപ്പുകളിറങ്ങി വരികയായിരുന്നു. അപ്പോള് പാപ്പരാസികള് ലോകത്തൊരു സ്ത്രീയും കാണാൻ ആഗ്രഹിക്കാത്ത ഒരു പ്രത്യേക ആംഗിളില് നിന്ന് അവളുടെ ചിത്രം പകര്ത്താന് ശ്രമിച്ചു. ലോകത്തൊരു സ്ത്രീയും ആഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രമായിരുന്നില്ല അത്. സ്വകാര്യ നിമിഷം ഒരുതരത്തിൽ ചീപ്പായ സെന്സേഷണലിസമായി മാറുകയായിരുന്നു'
'ഇത് ഒരിക്കലും തലക്കെട്ടുകളെ കുറിച്ചോ അതില് ആരെല്ലാം ക്ലിക്ക് ചെയ്യുന്നു എന്നതിനെ കുറിച്ചോ അല്ല. ഒരു സാമാന്യമായ മര്യാദയാണിത്. സ്ത്രീകള് അന്തസും മാന്യതയും അര്ഹിക്കുന്നുണ്ട്. എല്ലാവര്ക്കും അവരുടേതായ അതിരുകളുമുണ്ട്. ദിവസവും കഠിന പ്രയത്നം ചെയ്യുന്ന മാധ്യമസഹോദരന്മാരോടാണ് ഇനി പറയുന്നത്, നിങ്ങളുടെ തിരക്കുകൾ എനിക്ക് മനസിലാകും. ഞാന് എപ്പോഴും സഹകരിക്കാറുമുണ്ട്. പക്ഷേ കുറച്ചുകൂടി ജാഗ്രതയോടെ പെരുമാറണമെന്ന് ഞാന് അഭ്യര്ഥിക്കുകയാണ്. എല്ലാം ഇങ്ങനെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കാനുള്ളതല്ല. എല്ലാ ആംഗിളുകളും പകര്ത്താനുള്ളതല്ല. കുറച്ചൊക്കെ മനുഷ്യത്വം കാത്തുസൂക്ഷിക്കാം. നന്ദി', ഹാർദിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സെര്ബിയന് മോഡലും നടിയുമായ നടാഷാ സ്റ്റാന്കോവിച്ചുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷം അടുത്തയിടെയാണ് യോഗ ട്രെയിനറും മോഡലുമായ മഹികയുമായി ഹാര്ദിക് പ്രണയത്തിലാവുന്നത്. കഴിഞ്ഞവർഷം നടാഷയുമായി പിരിഞ്ഞതിനുശേഷം ഹാര്ദികിന്റെ പ്രണയത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല് പിന്നീട് ഒക്ടോബറിലാണ് മഹികയുമായുള്ള പ്രണയബന്ധം ഹാര്ദിക് തന്നെ പരസ്യപ്പെടുത്തുകയായിരുന്നു. 32–ാം ജന്മദിനത്തോടനുബന്ധിച്ച് മഹികയ്ക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഹാർദിക് പങ്കിട്ടത്.
Content Highlights: Hardik Pandya calls out paparazzi over gf Mahieka Sharma's photos