ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജുവിനടക്കം നിര്‍ണായകം

അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്ക് അരങ്ങേറും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് പിന്നാലെയാണ് സൂര്യകുമാർ യാദവ് നയിക്കുന്ന ടീം ഇന്ത്യ ടി20 പരമ്പരയ്ക്ക് വേണ്ടി ഇറങ്ങുന്നത്. അടുത്ത വർഷം അരങ്ങേറുന്ന ടി20 ലോകകപ്പിനു മുന്നോടിയായി 10 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഈ പരമ്പരയിൽ 5 മത്സരങ്ങൾ ഇന്ത്യ കളിക്കും. ബാക്കിയുള്ള 5 മത്സരങ്ങൾ ജനുവരിയിൽ ന്യൂസിലാൻ‍ഡിനെതിരെയാണ്.

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അടക്കമുള്ളവർക്ക് ഈ പരമ്പരകൾ നിർണായകമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ കേരളത്തിന്‍റെ ക്യാപ്റ്റനായ സഞ്ജു മികച്ച ഫോമിൽ ബാറ്റുവീശിയാണ് ഇന്ത്യൻ ടീമിലേയ്ക്ക് എത്തുന്നത്. അതേസമയം താരം പ്ലേയിങ് ഇലവനിൽ എത്തുമോ എന്ന് ഉറപ്പായിട്ടില്ല.

അതേസമയം ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര നേടാനുള്ള ശ്രമത്തിലാണ് ദക്ഷിണാഫ്രിക്ക. സൂര്യകുമാറിന്‍റെ നേതൃത്വത്തിൽ ഇന്ത്യ ആകെ എട്ട് പരമ്പരകളാണ് കളിച്ചത്. ഏഴ് പരമ്പരകൾ ജയിച്ചപ്പോള്‍ ഒരു പരമ്പര സമനിലയിൽ അവസാനിച്ചു. സൂര്യയുടെ ക്യാപ്‌റ്റന്‍സിയില്‍ ഇന്ത്യ ഒരു പരമ്പര പോലും ഇതുവരെ തോറ്റിട്ടില്ല. ടി20 ലോകകപ്പ് വരാനിരിക്കെ പരമ്പരയെ ഇരുടീമുകളും ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

Content Highlights: India vs South Africa T20 series Starts tomorrow

To advertise here,contact us