

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ജീവന്മരണ പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ എല്ലാ പ്രതീക്ഷകളും സൂപ്പർ താരം വിരാട് കോഹ്ലിയിലാണ്. പരമ്പരയിൽ തുടർച്ചയായ രണ്ട് സെഞ്ച്വറികൾ സ്വന്തമാക്കി മിന്നും ഫോമിലാണ് വിരാട് കോഹ്ലി. വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിന പോരാട്ടത്തിൽ വിരാട് കോഹ്ലി ഹാട്രിക് സെഞ്ച്വറി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തില് കോഹ്ലി 135 റണ്സെടുത്ത കോഹ്ലി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. രണ്ടാം മത്സരത്തില് ഇന്ത്യ പരാജയം വഴങ്ങിയെങ്കിലും കോഹ്ലി സെഞ്ച്വറി കണ്ടെത്തിയിരുന്നു. റായ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ 102 റണ്സാണ് കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. വിശാഖപട്ടണത്തും സൂപ്പർ സെഞ്ച്വറി തന്നെയാണ് ആരാധകർ സൂപ്പർ താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
കിംഗ് കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിങ് നേരിട്ട് കാണാനായി ആരാധകരും വിശാഖപട്ടണത്തേക്ക് ഒഴുകിയെത്തുമെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണത്തെ മത്സരത്തിന്റെ ടിക്കറ്റുകള് മുഴുവന് വിറ്റുതീര്ന്നുവെന്നാണ് റിപ്പോര്ട്ട്. ഏകദിന ക്രിക്കറ്റില് വിശാഖപട്ടണം സ്റ്റേഡിയത്തിലെ ടോപ് സ്കോററാണു വിരാട് കോഹ്ലി. വിശാഖപട്ടണത്ത് ഏഴ് മത്സരങ്ങള് കളിച്ചിട്ടുള്ള കോഹ്ലി 587 റണ്സാണ് ഇതുവരെ അടിച്ചെടുത്തത്. 157 ആണ് സ്റ്റേഡിയത്തില് താരത്തിന്റെ ഉയര്ന്ന സ്കോര്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരമാണ് ഇന്ന് നടക്കുന്നത്. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ച് പരമ്പര സമനിലയിലാണിപ്പോൾ. ഇന്ന് വിജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.
Content highlights: Will Viart Kohli gets Hat-tric Century in IND vs SA