'ഷാരൂഖിന്റെ നിര്‍ദേശമായിരുന്നു അത്'; റസ്സലിന്റെ ഐപിഎല്‍ വിരമിക്കലിനെ കുറിച്ച് കൊല്‍ക്കത്ത സിഇഒ

റസ്സലിന്റെ അപ്രതീക്ഷിത തീരുമാനത്തിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂർ

'ഷാരൂഖിന്റെ നിര്‍ദേശമായിരുന്നു അത്'; റസ്സലിന്റെ ഐപിഎല്‍ വിരമിക്കലിനെ കുറിച്ച് കൊല്‍ക്കത്ത സിഇഒ
dot image

ആരാധകരെയും ക്രിക്കറ്റ് താരങ്ങളെയും ഞെട്ടിച്ചുകൊണ്ടാണ് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇതിഹാസ താരവുമായ ആന്ദ്രേ റസ്സൽ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2026 ഐപിഎൽ സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പർ താരത്തെ റിലീസ് ചെയ്തതിന് പിന്നാലെയായിരുന്നു റസ്സലിന്റെ തീരുമാനം. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ പവർ കോച്ചായി എത്തുമെന്നും റസ്സൽ വ്യക്തമാക്കി.

ഇപ്പോഴിതാ റസ്സലിന്റെ അപ്രതീക്ഷിത തീരുമാനത്തിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂർ. റസ്സൽ ഐപിഎല്ലിൽ നിന്ന് വിരമിച്ചത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് സൂപ്പർ‌ താരവുമായ ഷാരൂഖ് ഖാന്റെ നിർദേശപ്രകാരമാണെന്നാണ് വെങ്കി മൈസൂർ തുറന്നുപറഞ്ഞത്. സൂപ്പർ താരത്തെ റിലീസ് ചെയ്യുകയെന്നത് ഇരുകൂട്ടരെയും വേദനിപ്പിക്കുന്ന തീരുമാനമായിരുന്നെന്നും റസ്സലിന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയിരുന്നെന്നും വെങ്കി മൈസൂർ പറഞ്ഞു.

കൊൽക്കത്ത റിലീസ് ചെയ്തതിന് ശേഷം 2014 മുതൽ ഒരിക്കലും ലേലത്തിൽ പങ്കെടുത്തിട്ടില്ലെന്ന് റസ്സൽ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ ഈ തീരുമാനം കാര്യമായി ബാധിച്ചു. ഇനി എങ്ങോട്ട് പോകുമെന്ന് ചിന്തിച്ചുകൊണ്ട് താൻ ഒരുപാട് രാത്രികളിൽ ഉറക്കമില്ലാതിരുന്നെന്നും റസ്സൽ പറഞ്ഞു. കൊൽക്കത്ത ഫ്രാഞ്ചൈസിയുമായും ടീം ഉടമകളുമായും അത്ര അടുത്ത ബന്ധമായിരുന്നു അദ്ദേഹം കെട്ടിപ്പടുത്തതെന്നും വെങ്കി മൈസൂർ വ്യക്തമാക്കി.

റസ്സൽ അനുഭവിക്കുന്ന പ്രയാസങ്ങൾ താൻ ഷാരൂഖ് ഖാനുമായുള്ള സംഭാഷത്തിനിടെ തുറന്നുപറഞ്ഞെന്നും വെങ്കി മൈസൂർ‌ പറഞ്ഞു. റസ്സലിന് ടീമിന്റെ പരിശീലക സ്ഥാനം നൽകുകയെന്നതായിരുന്നു ഷാരൂഖിന്റെ നിർദേശം. കൊൽക്കത്തയുടെ പുതിയ പവർകോച്ചായി റസ്സൽ എത്തിയതിനെ കുറിച്ച് സിഇഒ പറഞ്ഞു.

14 സീസൺ നീണ്ട ഐപിഎൽ കരിയറിനാണ് റസ്സൽ വിരാമം കുറിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം 12 സീസൺ ചെലവഴിച്ച റസ്സൽ മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി ഇനി കളിക്കാനില്ലെന്ന് തീരുമാനിച്ചെന്നായിരുന്നു റസ്സൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മറ്റ് ടീമുകളുടെ ജേഴ്‌സിയിൽ തന്നെ കാണുന്നത് വിചിത്രമായി തോന്നിയെന്നും അത് തനിക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്നുമാണ് റസ്സല്‍ പറഞ്ഞത്.

കഴിഞ്ഞ സീസണിൽ റസ്സലിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. പിന്നാലെ ഐപിഎൽ 2026 താരലേലത്തിന് മുൻപേ 37കാരനായ റസലിനെ കൊൽക്കത്ത റിലീസ് ചെയ്തിരുന്നു. സൂപ്പർ താരത്തിന് വേണ്ടി നിരവധി ടീമുകൾ രം​ഗത്തെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കവേയായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം.

2012ൽ ഡൽഹി ഡെയർ ഡെവിൾസിലൂടെ ഐപിഎല്ലിൽ അരങ്ങേിയ റസ്സൽ 2014 മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാ​ഗമാണ്. 140 മത്സരങ്ങളിൽ കളിച്ച റസ്സൽ 174 സ്ട്രൈക്ക് റേറ്റിൽ 2651 റൺസ് അടിച്ചെടുത്തു. കൂടെ 123 വിക്കറ്റുകളും സ്വന്തമാക്കി. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് റസ്സലിനെ കണക്കാക്കുന്നത്.

Content highlights:‘It was Shah Rukh Khan's suggestion’: KKR CEO reveals about Andre Russell’s IPL Retirement

dot image
To advertise here,contact us
dot image