ജയിച്ചാല്‍ പരമ്പര, വിശാഖപട്ടണത്ത് 'മരണക്കളി'; ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്‌

പരമ്പരയിൽ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികൾ നേടിയ സൂപ്പർ‌ താരം വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ പ്രതീക്ഷ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന്. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ച് പരമ്പര സമനിലയിലാണിപ്പോൾ. ഇന്ന് വിജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.

പരമ്പരയിൽ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികൾ നേടിയ സൂപ്പർ‌ താരം വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ പ്രതീക്ഷ. ക്യാപ്റ്റൻ കെ എൽ രാഹുലും രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് ഫിഫ്റ്റി സ്വന്തമാക്കിയിരുന്നു. വലിയ ഇന്നിങ്‌സ് കളിക്കാനായില്ലെങ്കിലും രോഹിത് ശർമയും അതിവേഗം സ്കോർ ചലിപ്പിക്കുന്നുണ്ട്. ബോളിങ്ങിലാണ് ഇന്ത്യയുടെ ആശങ്ക മുഴുവനുമുള്ളത്. വലിയ സ്‌കോറുകൾ വരെ പ്രതിരോധിക്കാൻ ഇന്ത്യൻ ബോളിംഗ് നിരയ്ക്ക് കഴിയുന്നില്ല.

മറുവശത്ത് ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെയും മാത്യൂ ബ്രീറ്റ്സ്കീയുടെയും മിന്നും ഫോമിലാണ് ദക്ഷിണാഫ്രിക്ക പ്രതീക്ഷ വെക്കുന്നത്. മാര്‍ക്രം കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. പരമ്പരയിലെ റണ്‍വേട്ടയില്‍ രണ്ടാമതുള്ള മാത്യു ബ്രീറ്റ്സ്കി ആകട്ടെ ഇതുവരെ കളിച്ച 11 ഏകദിനങ്ങളില്‍ ഏഴ് അര്‍ധസെഞ്ചുറി അടക്കം 68.2 ശരാശരിയില്‍ 682 റണ്‍സടിച്ച് മിന്നും ഫോമിലാണ്. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത കോര്‍ബിന്‍ ബോഷിന്‍റെ ഓള്‍റൗണ്ട് മികവിലും ദക്ഷിണാഫ്രിക്ക പ്രതീക്ഷ വെക്കുന്നുണ്ട്. മാര്‍ക്കോ യാന്‍സന്‍റെ ബൗണ്‍സറുകൾ നേരിടേണ്ട വെല്ലുവിളി കൂടി ഇന്ത്യയ്ക്കുണ്ട്.

അതേസമയം ഇന്ന് കൂടി ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട് പരമ്പര അടിയറവ് പറഞ്ഞാൽ പരിശീലകൻ ഗൗതം ഗംഭീറിന് അത് തിരിച്ചടിയാകും. ഇതിന് മുമ്പ് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വൈറ്റ് വാഷ് പരാജയം ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ ​ഗൗതം ​ഗംഭീറിനെ ഇന്ത്യയുടെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന തരത്തിലുള്ള ആവശ്യങ്ങളും വലിയ വിമർശനങ്ങളും ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഏകദിന പരമ്പര കൂടി പരാജയം വഴങ്ങേണ്ടിവന്നാൽ ​ഗംഭീറിനെതിരെയുള്ള വിമർശനങ്ങൾ കൂടുതൽ രൂക്ഷമാകും.

Content highlights: India vs South Africa third ODI held Today

To advertise here,contact us