കന്നി സെഞ്ച്വറിയുമായി ജയ്‌സ്വാൾ; മൂന്നാം ഏകദിനത്തിൽ പ്രോട്ടീസിനെ തോൽപ്പിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കന്നി സെഞ്ച്വറിയുമായി യശ്വസി ജയ്‌സ്വാൾ

മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ. ഇതോടെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഒമ്പത് വിക്കറ്റിന്റെ മിന്നും വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം ഇന്ത്യ 39 .5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.

121 പന്തിൽ രണ്ട് സിക്‌സറും പന്ത്രണ്ട് ഫോറുകളും അടക്കം 116 റൺസുമെടുത്ത ജയ്‌സ്വാളാണ് ടോപ് സ്‌കോറർ. താരത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്.

45 പന്തിൽ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കം 65 റൺസുമായി വിരാട് കോഹ്‌ലിയും തിളങ്ങി. 75 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ വമ്പൻ ടോട്ടലിലേക്ക് കുതിക്കുകയായിരുന്ന പ്രോട്ടീസിനെ അവസാന ഓവറുകളിൽ ഇന്ത്യ തളച്ചിടുകയായിരുന്നു. അവസാന 36 റൺസിനിടെ അഞ്ച് വിക്കറ്റാണ് ഇന്ത്യ വീഴ്ത്തിയത്. ഒരു ഘട്ടത്തിൽ 38 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിലായിരുന്നു. കുൽദീപ് യാദവും പ്രസിദ് കൃഷ്‍ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി.

ദക്ഷിണാഫ്രിക്കൻ നിരയിൽ ഡീ കോക്ക് സെഞ്ച്വറി നേടി. 89 പന്തിൽ ആറ് സിക്സറുകളും എട്ട് ഫോറുകളും അടക്കം 106 റൺസാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.

ക്യാപ്റ്റൻ ടെംബ ബാവുമ 67 പന്തിൽ അഞ്ചുഫോറുകളും അടക്കം 48 റൺസ് നേടി. മാത്യു ബ്രീറ്റ്സ്കി 24 റൺസും ഡെവാൾഡ് ബ്രവിസ് 29 റൺസും കേശവ് മഹാരാജ് 20 റൺസും നേടി.

Content highlights:  yashwasi jaiswal century for india vs south afirca cricket

To advertise here,contact us