പ്രായം തളർത്താത്ത പോരാളി; രണ്ടാം ഏകദിനത്തിൽ കോഹ്‌ലി ഓടിയെടുത്തത് 60 റൺസ്!

റായ്പൂരില്‍ നടന്ന രണ്ടാം മത്സരത്തിൽ‌ 102 റണ്‍സും അടിച്ചെടുത്ത വിരാട് കോഹ്‌ലി മുപ്പത്തിയേഴാം വയസിലും തന്നെ പ്രായം തളര്‍ത്തിയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്

ഏകദിനത്തില്‍ മിന്നും ഫോമിലാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി നേടിയാണ് കോഹ്‌ലിയുടെ മുന്നേറ്റം. റാഞ്ചിയില്‍ നടന്ന ഒന്നാം ഏകദിനത്തിൽ 135 റണ്‍സും റായ്പൂരില്‍ നടന്ന രണ്ടാം മത്സരത്തിൽ‌ 102 റണ്‍സും അടിച്ചെടുത്ത വിരാട് കോഹ്‌ലി മുപ്പത്തിയേഴാം വയസിലും തന്നെ പ്രായം തളര്‍ത്തിയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

കരിയറില്‍ ഇത് പതിനൊന്നാം തവണയാണ് കോഹ്‌ലി തുടര്‍ച്ചയായി 2 സെഞ്ച്വറികള്‍ അടിച്ചെടുക്കു‌ന്നത്. റായ്പൂരിൽ കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്ന 93 പന്തില്‍ 102 റണ്‍സില്‍ 60 റണ്‍സും താരം ഓടിയെടുത്തതായിരുന്നു. ഈ പ്രായത്തിലും കോഹ്‌ലിയുടെ ഫിറ്റ്നസാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്‌ലിയുടെ ആധിപത്യവും സമാനതകളില്ലാത്തതാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏഴാമത്തെ സെഞ്ച്വറിയാണ് ഇന്നലെ അദ്ദേഹം നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ സെഞ്ച്വറി നേടിയതും കോഹ്‌ലിയാണ്. ലിസ്റ്റിൽ രണ്ടാമതുള്ള ഡേവിഡ് വാണർക്കും സച്ചിൻ ടെണ്ടുൽക്കറിനും അഞ്ചുവീതം സെഞ്ച്വറികളാണ് ഉള്ളത്.

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിലും മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചു. നാലുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തില്‍ 49.2 ഓവറില്‍ പ്രോട്ടീസ് മറികടന്നു. ഇന്ത്യക്കായി വിരാടും റുതുരാജ് ഗെയ്ക്വാദും സെഞ്ചുറി നേടിയെങ്കിലും അതേനാണയത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു.

ഏയ്ഡൻ മാർക്രമിന്റെ വെടിക്കെട്ട് സെഞ്ച്വറിയും ഡെവാൾഡ് ബ്രെവിസ്, മാത്യു ബ്രീറ്റ്സ്കി എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

Content Highlights: Virat Kohli's century out of hundred 60 runs come by running only

To advertise here,contact us