ഹെയ്ഡന് ഇനി നഗ്നനായി നടക്കേണ്ട; ഓസീസ് മണ്ണില്‍ സെഞ്ച്വറിയടിച്ച് 'രക്ഷിച്ച്' ജോ റൂട്ട്‌

ഓസീസ് മണ്ണിൽ തന്റെ കന്നി സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയിരിക്കുന്നത്

ഹെയ്ഡന് ഇനി നഗ്നനായി നടക്കേണ്ട; ഓസീസ് മണ്ണില്‍ സെഞ്ച്വറിയടിച്ച് 'രക്ഷിച്ച്' ജോ റൂട്ട്‌
dot image

ആഷസിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയടിച്ചിരിക്കുകയാണ് ഇം​ഗ്ലണ്ട് സൂപ്പർ ബാറ്റർ ജോ റൂട്ട്. ബ്രിസ്ബേൻ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ‌ മൂന്നക്കം തികച്ചതോടെ ഓസീസ് മണ്ണിൽ തന്റെ കന്നി സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയിരിക്കുന്നത്. റൂട്ടിന്റെ സെഞ്ച്വറിയിൽ ആശ്വാസം കണ്ടെത്തിയിരിക്കുന്ന മറ്റൊരാളുണ്ട്, ഓസ്ട്രേലിയയുടെ മുൻ താരം മാത്യു ഹെയ്ഡൻ. ഹെയ്ഡനെ ന​ഗ്നനായി നടക്കുന്നതിൽ നിന്ന് സെഞ്ച്വറിയടിച്ച് രക്ഷിച്ചിരിക്കുകയാണ് ജോ റൂട്ട്.

ആഷസ് പരമ്പരയിൽ റൂട്ട് ഒരു സെഞ്ച്വറി നേടിയില്ലെങ്കിൽ താൻ എംസിജിയിലൂടെ നഗ്നനായി നടക്കുമെന്നായിരുന്ന് ഹെയ്ഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആഷസിലെ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി കണ്ടെത്താൻ റൂട്ടിന് സാധിച്ചിരുന്നില്ല .പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ റൂട്ട് രണ്ടാം ഇന്നിംഗ്സില്‍ എട്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു.

ഇതിനുപിന്നാലെ 54-ാം വയസില്‍ ജയിലില്‍ കിടക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ താന്‍ ആ പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ഹെയ്ഡൻ ഇന്നലെ പറയുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് റൂട്ട് ഓസീസ് മണ്ണിൽ തന്റെ ആദ്യ സെ‍ഞ്ച്വറി സ്വന്തമാക്കിയത്. ഇന്ന് ആരംഭിച്ച രണ്ടാം ടെസ്റ്റിൽ റൂട്ട് സെഞ്ച്വറി കണ്ടെത്തിയതോടെ ഹെയ്ഡൻ ഈ പ്രഖ്യാപനത്തിൽ‌ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഇക്കഴിഞ്ഞ സെപ്തംബറിൽ ഓൾ ഓവർ ദി ബാർ ക്രിക്കറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഹെയ്ഡൻ്റെ വെല്ലുവിളി. ആഷസ് പരമ്പരയ്ക്കിടെ ജോ റൂട്ട് ഒരു സെഞ്ച്വറിയെങ്കിലും നേടിയില്ലെങ്കിൽ താൻ എംസിജിയിലൂടെ നഗ്നനായി നടക്കുമെന്ന് ഹെയ്ഡൻ പറഞ്ഞു. ആഷസിൻ്റെ ചരിത്രത്തിൽ ഇതുവരെ ജോ റൂട്ട് ഓസ്ട്രേലിയയിൽ സെഞ്ച്വറി നേടിയിരുന്നില്ല.

ഹെയ്ഡൻ്റെ ഈ വെല്ലുവിളി ഇൻസ്റ്റഗ്രാം ഹാൻഡിലിലും ഓവർ ദി ബാർ ക്രിക്കറ്റ് പോഡ്കാസ്റ്റ് പങ്കുവെച്ചതോടെ വൈറലായിരുന്നു. ഈ പോസ്റ്റിന് ഹെയ്ഡൻ്റെ മകളും ക്രിക്കറ്റ് കമൻ്റേറ്ററുമായ ഗ്രേസ് ഹെയ്ഡൻ കമൻ്റ് ചെയ്തതും ആരാധകരുടെ ശ്രദ്ധയാകർഷിച്ചു. ‘ദയവായി സെഞ്ച്വറി നേടൂ’ എന്നായിരുന്നു റൂട്ടിനെ ടാഗ് ചെയ്ത് ഗ്രേസ് കമൻ്റ് ചെയ്തത്.

അതേസമയം ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇം​ഗ്ലണ്ട് ഭേദപ്പെട്ട നിലയിലാണ്. ഓസീസ് മണ്ണിൽ തന്റെ കന്നി സെഞ്ച്വറി തികച്ച ജോ റൂട്ടിന്റെ മിന്നും ഇന്നിങ്സിന്റെ കരുത്തിൽ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് ഇം​ഗ്ലണ്ട്. 135 റൺസെടുത്ത ജോ റൂട്ടും 32 റണ്‍സോടെ ജോഫ്ര ആര്‍ച്ചറുമാണ് ക്രീസിൽ.

Content Highlights: Joe Root saves Matthew Hayden by Ends Century Drought In Australia

dot image
To advertise here,contact us
dot image