'ഇന്ത്യ തന്ന സ്നേഹത്തിന് നന്ദി'; IPL അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് മാക്‌സ്‌വെൽ

ഐ പി എല്ലിൽ 141 മത്സരങ്ങളിൽനിന്നായി 2,819 റൺസാണ് താരം നേടിയത്

ഐ പി എല്ലിൽ കളി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ഈ മാസം 16ന് അബൂ ദാബിയിൽ നടക്കുന്ന ഐ പി എൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത താരങ്ങളുടെ വിവരങ്ങൾ പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ഓസീസ് താരത്തിന്റെ പ്രഖ്യാപനം. ഒരു ക്രിക്കറ്റർ, വ്യക്തി എന്ന നിലയിൽ ഐ പി എൽ തന്നെ രൂപപ്പെടുത്തുന്നതിൽ ഒരുപാട് പങ്കുവഹിച്ചതായി താരം പറഞ്ഞു.

കഴിഞ്ഞ സീസണിൽ 4.2 കോടി രൂപക്ക് പഞ്ചാബ് കിങ്സിൽ കളിച്ച മാക്സ്‍വെല്ലിനെ ഇത്തവണ ടീം നിലനിർത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണുകളിലായി താരത്തിന്റെ പ്രകടനം മോശമായിരുന്നു.

ഐ പി എല്ലിൽ 141 മത്സരങ്ങളിൽനിന്നായി 2,819 റൺസാണ് താരം നേടിയത്. 155നു മേലെയാണ് സ്ട്രൈക്ക് റേറ്റ്. ഐ പി എൽ കരിയറിയിൽ പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകൾക്കുവേണ്ടിയാണ് ഏറെയും കളിച്ചത്. മുംബൈ ഇന്ത്യൻസ്, ഡൽഹി കാപിറ്റൽസ് ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

ലേലത്തിനായി 1355 താരങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഓസ്ട്രേലിയൻ സൂപ്പർതാരം കാമറൂൺ ഗ്രീനടക്കം 45 താരങ്ങളാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപ പട്ടികയിലുള്ളത്. ഇന്ത്യൻ താരങ്ങളായ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയുമാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ.

Content Highlights: Glenn Maxwell Ends 13-Year IPL career

To advertise here,contact us