ടെസ്റ്റിൽ കോഹ്‌ലി തിരിച്ചെത്തുമോ?; തീരുമാനം വ്യക്തമാക്കി ബി സി സി ഐ സെക്രട്ടറി

നിലവിലെ ടെസ്റ്റ് ടീമിന്റെ മോശം പ്രകടനത്തിൽ കോഹ്‌ലിയുടെ തിരിച്ചുവരവിനായി ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു.

സൂപ്പർ താരം വിരാട് കോഹ്‌ലി ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബി സി സി ഐ. കോഹ്‌ലിയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നില്ലെന്നും അത്തരം ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വ്യക്തമാക്കി.

ഏകദിനത്തില്‍ മാത്രമേ താൻ കളിക്കൂവെന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ കോഹ്‌ലിയും വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലെ ടെസ്റ്റ് ടീമിന്റെ മോശം പ്രകടനത്തിൽ കോഹ്‌ലിയുടെ തിരിച്ചുവരവിനായി ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു.

അതിനിടയിൽ താരത്തെ ബി സി സി ഐ അനൗദ്യോഗികമായി തിരിച്ചുവിളിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിയാണ് ബി സി സി ഐ സെക്രട്ടറി ദേവ്ജിത് സൈകിയ പ്രതികരണവുമായി എത്തിയത്.

123 ടെസ്റ്റില്‍ 9230 റണ്‍സെടുത്തിട്ടുളള കോഹ്‌ലി കഴിഞ്ഞ മേയിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു രോഹിത് ശർമയ്ക്കൊപ്പം വിരാട് കോഹ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചത്.

അതേസമയം, ഇന്ത്യന്‍ വെറ്ററന്‍ താരങ്ങളായ വിരാട് കൊല്ലി, രോഹിത് ശര്‍മ എന്നിവരുടെ ഭാവിയെ കുറിച്ച് തീരുമാനിക്കാന്‍ ബിസിസിഐ പ്രത്യേകം യോഗം ചേരുമെന്നാണ് റിപ്പോർട്ട്. ഏകദിന പരമ്പരയ്ക്ക് ശേഷമായിരിക്കും ബിസിസിഐ യോഗം ചേരുക.

Content Highlights:Will Kohli return to Test?; BCCI Secretary clarify

To advertise here,contact us