ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മൂന്നാമത്തെ തവണ; ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത് അപൂർവ്വ നേട്ടം

റാഞ്ചിയിൽ ഇന്ത്യ ഉയർത്തിയ 350 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 11 റൺസെന്ന നിലയിൽ തകർന്നിരുന്നു

ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ അപൂർവ്വ നേട്ടവുമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്. ബാറ്റിങ്ങിൽ 15 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിട്ടും 300ലധികം റൺസെടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. ഏകദിന ക്രിക്കറ്റിൽ മൂന്നാം തവണ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതാദ്യമായാണ് ഏകദിന ക്രിക്കറ്റിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം 15 റൺസിനിടെ മൂന്ന് വിക്കറ്റ് വീണിട്ടും 300 റൺസെന്ന നേട്ടത്തിലെത്തുന്നത്.

റാഞ്ചിയിൽ ഇന്ത്യ ഉയർത്തിയ 350 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 11 റൺസെന്ന നിലയിൽ തകർന്നിരുന്നു. പിന്നീട് മാത്യൂ ബ്രീത്സ്കെ, മാർകോ യാൻസൻ, കോർബിൻ ബോഷ് എന്നിവരുടെ അർദ്ധ സെഞ്ച്വറി മികവിൽ ദക്ഷിണാഫ്രിക്ക 332 എന്ന സ്കോറിലേക്കെത്തി.

ഏകദിന ക്രിക്കറ്റിൽ മുമ്പ് രണ്ട് തവണയാണ് 15 റൺസിന് മുമ്പ് മൂന്ന് വിക്കറ്റ് വീണ ടീം 300 റൺസെന്ന നേട്ടം സ്വന്തമാക്കിയത്. 2006ൽ സിഡ്നിയിൽ ശ്രീലങ്കയ്ക്കെതിരെ 10 റൺസിനിടെ മൂന്ന് വിക്കറ്റ് വീണ ഓസ്ട്രേലിയ 50 ഓവറിൽ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 368 റൺസാണ്. റിക്കി പോണ്ടിങ് 124 റൺസും ആൻഡ്രൂ സൈമണ്ട്സ് 151 റൺസും നേടിയതാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോറിലെത്താൻ കാരണമായത്.

2023ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇം​ഗ്ലണ്ടിന് 14 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നീട് ഡേവിഡ് മലാന്റെ 118 റൺസിന്റെയും അന്നത്തെ ക്യാപ്റ്റൻ ജോസ് ബട്ലറിന്റെ 131 റൺസിന്റെയും മികവിൽ ഇം​ഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 346 റൺസെന്ന സ്കോറിലെത്തിയിരുന്നു.

ഏകദിന ക്രിക്കറ്റിൽ ഇതാദ്യമായാണ് രണ്ടാമത് ബാറ്റ് ചെയ്യുന്ന ഒരു ടീം 15 റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീണിട്ടും ടീം ടോട്ടൽ 300 കടക്കുന്നത്. നേരത്തെ 2019ൽ പാകിസ്താനെതിരെ ഇം​ഗ്ലണ്ട് ടീം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ആറ് റൺസിൽ നിന്ന് 297 എന്ന ടോട്ടലിലെത്തി. ഈ റെക്കോർഡാണ് ദക്ഷിണാഫ്രിക്ക തിരുത്തിക്കുറിച്ചത്.

Content Highlights: Third time 300-plus totals after being 3 down for under 15 in ODIs

To advertise here,contact us