ഇന്ത്യയുടെ സൂപ്പര് താരം വിരാട് കോഹ്ലിക്കെതിരെ പന്തെറിഞ്ഞതിനെ കുറിച്ച് ദക്ഷിണാഫ്രിക്കന് ഓള്റൗണ്ടര് മാര്ക്കോ യാന്സണ്. റാഞ്ചിയില് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തില് വിരാട് കോഹ്ലി തകര്പ്പന് സെഞ്ച്വറി നേടിയിരുന്നു. കോഹ്ലിയുടെ മിന്നും പ്രകടനത്തിന് സാക്ഷിയായതിന്റെ സന്തോഷം പങ്കുവെച്ച യാന്സണ് ടെലിവിഷനില് ഇന്ത്യന് താരത്തിന്റെ കളി കണ്ടിരുന്ന കാലത്തെ ഓര്മകളും തുറന്നുപറഞ്ഞു.
കോഹ്ലിക്കെതിരെ പന്തെറിയുന്നത് ഒരേസമയം ബുദ്ധിമുട്ടും രസകരവുമാണെന്നാണ് യാന്സന്റെ അഭിപ്രായം. മത്സരത്തിന് ശേഷം സംസാരിക്കവേയായിരുന്നു മാര്കോ യാന്സന്റെ പ്രതികരണം.
'വിരാട് കോഹ്ലി കളിക്കുന്നത് കാണാന് തന്നെ നല്ല രസമാണ്. കോഹ്ലിയെ ടിവിയില് കണ്ട് വളര്ന്ന ഞാന് ഇപ്പോള് അദ്ദേഹത്തിനെതിരെ പന്തെറിയുകയാണ്. അത് ഒരേസമയം ബുദ്ധിമുട്ടുള്ളതും രസകരവുമായ കാര്യമാണ്. ഇപ്പോഴും വളരെ മികച്ച രീതിയിലാണ് അദ്ദേഹം കളിക്കുന്നത്. എനിക്ക് വലിയ മാറ്റമൊന്നും തോന്നിയിട്ടില്ല. അദ്ദേഹം കൂടുതല് നേരം ബാറ്റ് വീശുകയാണ് ചെയ്യുന്നത്'
Marco Jansen on bowling to Virat Kohli:"I first bowled to him as a 17-year-old net bowler back in 2018. Growing up watching him on TV to actually bowling to him now… It's annoying, but it's fun at the same time." -[CricketNDTV]#ViratKohli #INDvSA #MarcoJansen pic.twitter.com/txjwUkBu8e
'ലോകോത്തര നിലവാരമുള്ള കളിക്കാര്ക്കെതിരെ പന്തെറിയുമ്പോള് അവരെ പുറത്താക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ഒരു ബാറ്റര് അവര് നേരിടുന്ന 15 പന്തിനുള്ളില് തന്നെ അവരെ പുറത്താക്കാന് ഞാന് ശ്രമിക്കാറുണ്ട്. അപ്പോഴാണ് അവര് വിക്കറ്റുമായി കൂടുതല് പരിചയത്തിലെത്തുന്നത്. പിന്നീട് അവരെ പുറത്താക്കാന് വളരെ ബുദ്ധിമുട്ടായിരിക്കും. ഇവിടെ എല്ലാവര്ക്കും എങ്ങനെയാണ് കളിക്കേണ്ടതെന്ന് നന്നായി അറിയാം. അതുകൊണ്ടാണ് നമ്മള് പ്ലാന് ബിയിലേക്കും സിയിലേക്കും പോകേണ്ടത്', യാന്സണ് കൂട്ടിച്ചേര്ത്തു.
അതേസമയം ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില് കാഴ്ചവെച്ച മികച്ച ഫോം ഏകദിന പരമ്പരയിലും തുടരുകയാണ് മാര്ക്കോ യാന്സണ്. ഒന്നാം ഏകദിനത്തില് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയ യാന്സണ് മറുപടി ബാറ്റിങ്ങില് 30 പന്തില് 70 റണ്സ് അടിച്ചെടുക്കുകയും ചെയ്തു. എന്നാല് മത്സരത്തില് ദക്ഷിണാഫ്രിക്ക 17 റണ്സിന്റെ പരാജയം വഴങ്ങുകയായിരുന്നു.
Content Highlights: IND vs SA: Marco Jansen's Candid Confession on Bowling to Virat Kohli