ഗംഭീറുമായുള്ള രോഹിത്തിന്റെയും കോഹ്‌ലിയുടെയും ബന്ധം വഷളായി? ബിസിസിഐ അസ്വസ്ഥരെന്ന് റിപ്പോര്‍ട്ട്‌

ടീമിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബിസിസിഐ ഉന്നതതല ഇടപെടലിന് ഒരുങ്ങുകയാണ്

ഇന്ത്യൻ ക്രിക്കറ്റ് കോച്ച് ​ഗൗതം ​ഗംഭീറും ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലെന്ന് സൂചനകൾ. സീനിയർ താരങ്ങളുടെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് അത്ര സുഖമുള്ള വാർത്തകളല്ല പുറത്തു വരുന്നത്. ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി ഇരുവർക്കുമുള്ള ബന്ധം വഷളായതിൽ ബിസിസിഐ അസ്വസ്ഥതയിലാണെന്നുമാണ് ദൈനിക് ജാഗ്രൺ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കോഹ്‌ലിയും രോഹിത്തും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഗംഭീറുമായുള്ള സൗഹൃദം അത്ര സുഖകരമല്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ടീം മീറ്റിങ്ങുകളിലും പരിശീലനങ്ങൾക്കിടയിലും താരങ്ങളും കോച്ചും തമ്മിലുള്ള അകൽ‌ച്ച പ്രകടവുമായിരുന്നു. ഗൗതം ഗംഭീറും ടീമിലെ സീനിയർ താരങ്ങളും തമ്മിലുള്ള സംഭാഷണങ്ങൾ പോലും കുറഞ്ഞു.

ടീമിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബിസിസിഐ ഉന്നതതല ഇടപെടലിന് ഒരുങ്ങുകയാണ്. ഈ പശ്ചാത്തലത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ബിസിസിഐ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുള്‍പ്പെടെ ഏതാനും ഉന്നത ഉദ്യോഗസ്ഥരെയും യോഗത്തിന് വിളിച്ചതായാണ് റിപ്പോര്‍ട്ട്.

Content Highlights: Gautam Gambhir's Relationship With Virat Kohli, Rohit Sharma Turns Cold, BCCI Upset says Report

To advertise here,contact us