ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലിയെ പ്രശംസിച്ച് ബാറ്റിങ് പരിശീലകൻ സിതാൻഷു കൊടക്. കോഹ്ലിയുടെ മികച്ച ഫോമും കായികക്ഷമതയും തുടരുന്നതിനാൽ താരത്തിന്റെ ദീർഘകാല ഭാവിയെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നാണ് കൊടക്കിന്റെ പ്രതികരണം. 2027ലെ ഏകദിന ലോകകപ്പിൽ കോഹ്ലി കളിച്ചേക്കുമെന്നും ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സൂചന നൽകി.
'ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ വിരാട് കോഹ്ലി ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണ് കളിച്ചത്. വിരാട് വളരെ നന്നായി ബാറ്റ് ചെയ്തു. കോഹ്ലി ഇപ്പോഴും ഒരു മികച്ച കളിക്കാരനാണ്. ശാരീരികമായി വിരാടിന് പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ഞാൻ കരുതുന്നത്. അയാളുടെ പരിക്കുകളെക്കുറിച്ച് നാം സംസാരിക്കേണ്ടതില്ല. കോഹ്ലിയുടെ ബാറ്റിങ്ങും ഫിറ്റ്നസും കണക്കിലെടുത്താൽ താരത്തിന്റെ 2027 ലോകകപ്പ് വരെയുള്ള ഭാവിയെക്കുറിച്ച് ഒന്നും ചോദിക്കേണ്ടതില്ല,' കൊടക് കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടീമിന്റെ ബൗളിങ് പ്രകനത്തെയും കൊടക് പ്രശംസിച്ചു. 'റാഞ്ചിയിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ ബൗളർമാർക്ക് പന്ത് കയ്യിൽ ശരിയായി നിർത്താൻ കഴിഞ്ഞിരുന്നില്ല. ഹർഷിത് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തിയതിന് വലിയ പ്രശംസ നൽകണം. ഇത്രയധികം മഞ്ഞിൽ ബാറ്റർമാർക്ക് റൺസ് നേടാൻ എളുപ്പമാകുമായിരുന്നു', കൊടക് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ 17 റൺസിനാണ് വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശർമയുടെയും ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും അർധ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 120 പന്തിൽ 11 ഫോറും ഏഴ് സിക്സറും സഹിതം 135 റൺസെടുത്ത കോഹ്ലിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
ദക്ഷിണാഫ്രിക്കയുടെ മറുപടി 49.2 ഓവറിൽ 332 റൺസിൽ അവസാനിച്ചു. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ദക്ഷിണാഫ്രിക്ക മൂന്നിന് 11 എന്നും പിന്നീട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്നും തകർന്നതിന് ശേഷമാണ് 332 എന്ന സ്കോറിലേക്കെത്തിയത്. മുൻനിരയുടെ സംഭാവനകൂടിയുണ്ടായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു.
Content Highlights: Batting coach Kotak on Virat's long-term future after ton at Ranchi