സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറിയുമായി ആയുഷ് മാത്രെ; വെടിക്കെട്ട് ഇല്ലാതെ വൈഭവ്

വിദര്‍ഭയ്ക്കെതിരായ മത്സരത്തിൽ അപ​രാജിത സെഞ്ച്വറിയുമായി മുംബൈയെ വിജയത്തിലേക്ക് നയിക്കാനും ആയുഷിന് സാധിച്ചു

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി മുംബൈയുടെ കൗമാരതാരം ആയുഷ് മാത്രെ. അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പട്ടതിന് പിന്നാലെയാണ് ആയുഷിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. വിദര്‍ഭയ്ക്കെതിരായ മത്സരത്തിൽ അപ​രാജിത സെഞ്ച്വറിയുമായി മുംബൈയെ വിജയത്തിലേക്ക് നയിക്കാനും ആയുഷിന് സാധിച്ചു.

ലഖ്നൗവില്‍ നടന്ന മത്സരത്തിൽ വിദര്‍ഭയെ ഏഴ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മത്സരത്തിൽ‌ 53 പന്തില്‍ നിന്ന് 110 റണ്‍സ് നേടി ആയുഷ് പുറത്താകാതെ നിന്നു. എട്ട് ഫോറും എട്ട് സിക്‌സുമാണ് മാത്രെയുടെ ബാറ്റിൽ നിന്ന് പിറന്നത്. ആയുഷിന്റെ നിർണായക സെഞ്ച്വറിക്ക് പുറമേ സൂര്യകുമാര്‍ യാദവ് (35) ശിവം ദുബെ (39) എന്നിവരും മികച്ച സംഭാവന നൽകി. അജിങ്ക്യ രഹാനെ റണ്‍സെടുക്കാതെ പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ അഥര്‍വ തൈഡെയും (64) അമന്‍ മൊഖാഡെയും (61) ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 115 റണ്‍സ് കൂട്ടിച്ചേർത്തതിന് പിന്നാലെ ഇരുവരും പുറത്തായി. ഇതിന് പിന്നാലെ വന്ന ബാറ്റർമാർക്ക് തിളങ്ങാൻ സാധിക്കാതെ വന്നതോടെ വിദർഭ തകർന്നു. യാഷ് റാത്തോഡ് (23), ഹര്‍ഷ് ദുബെ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ശിവം ദുബെ, സായ്‌രാജ് പാട്ടീല്‍ എന്നിവര്‍ മുംബൈയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ബിഹാര്‍ താരം വൈഭവ് സൂര്യവംശി 9 പന്തില്‍ 13 റണ്‍സുമായി പുറത്തായി.

Content Highlights: Ayush Mhatre smashes century against Vidarbha in Syed Mushtaq Ali Trophy

To advertise here,contact us