ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയുള്ള വാർത്താസമ്മേളനങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ പ്രസ്താവനകളിൽ ബിസിസിഐക്ക് അതൃപ്തിയുള്ളതായി റിപ്പോർട്ട്. ആദ്യ ടെസ്റ്റിന് ശേഷം കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലെ പിച്ചിനെക്കുറിച്ച് ഗംഭീർ നടത്തിയ പരാമർശങ്ങളാണ് ബിസിസിഐയുടെ അതൃപ്തിക്ക് കാരണമായത്. ഒരു പരിശീലകനെന്ന നിലയിൽ 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഗംഭീറിന് നിർണായകമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിലെ പരാജയത്തിന് ശേഷം നന്നായി കളിച്ചില്ലെങ്കിൽ ടീം തോൽക്കുമെന്നായിരുന്നു ഗംഭീറിന്റെ വാക്കുകൾ. 'ഞാൻ ആഗ്രഹിച്ച പിച്ചാണ് കൊൽക്കത്തയിൽ ഒരുക്കിയത്. ഇവിടെ ബാറ്റിങ് ബുദ്ധിമുട്ടായിരുന്നില്ല. നന്നായി പ്രതിരോധിച്ച് കളിച്ചവർക്ക് ഇവിടെ റൺസ് നേടാൻ സാധിച്ചു. താരങ്ങളുടെ മാനസിക കരുത്ത് അളക്കുന്ന ഒരു പിച്ചാണ് കൊൽക്കത്തയിൽ തയ്യാറാക്കപ്പെട്ടത്.' ഗംഭീറിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിന്റെ പൊതുവികാരം ഗംഭീറിനെതിരാണെന്ന് ബിസിസിഐ വിലയിരുത്തി. അതിനാൽ ഒരുപാട് സമയം ഇന്ത്യൻ പരിശീലക സ്ഥാനത്ത് ഗംഭീറിന് നൽകിയേക്കില്ല. സ്വന്തം നാട്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ മികച്ച റെക്കോർഡ് ഗംഭീറിന്റെ കാലത്ത് തകരുകയാണ്. എങ്കിലും അടുത്ത വർഷം ഓഗസ്റ്റ് വരെ ഇന്ത്യയ്ക്ക് സ്വന്തം നാട്ടിൽ ടെസ്റ്റ് മത്സരങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. അതുകൊണ്ട് നിലവിൽ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്നും ഗംഭീറിനെ മാറ്റില്ല. എങ്കിലും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഗംഭീറിന്റെ പരിശീലന കാലയളവിൽ നിർണായകമാകും.
Content Highlights: BCCI Unhappy With Gautam Gambhir's Press Conference Remarks: Report