വമ്പന്‍ ട്വിസ്റ്റ്! ആദ്യം 50 ലക്ഷം, പിന്നാലെ ഒറ്റയടിക്ക് 3.2 കോടി; ദീപ്തി ശര്‍മയെ സ്വന്തമാക്കി UP വാരിയേഴ്‌സ്

ഡല്‍ഹി ക്യാപിറ്റല്‍സാണ് ദീപ്തിക്ക് വേണ്ടി ബിഡ് ചെയ്തത്

വമ്പന്‍ ട്വിസ്റ്റ്! ആദ്യം 50 ലക്ഷം, പിന്നാലെ ഒറ്റയടിക്ക് 3.2 കോടി; ദീപ്തി ശര്‍മയെ സ്വന്തമാക്കി UP വാരിയേഴ്‌സ്
dot image

വനിതാ പ്രീമിയര്‍ ലീഗിന്റെ താരലേലത്തിൽ ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയെ സ്വന്തമാക്കി യുപി വാരിയേഴ്‌സ്. ലേലത്തിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ തുകയായ 3.2 കോടിക്കാണ് താരം പഴയ തട്ടകത്തില്‍ മടങ്ങിയെത്തിയത്. ആര്‍ടിഎമ്മിലൂടെയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയെ യുപി വാരിയേഴ്‌സ് സ്വന്തമാക്കിയത്.

കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്ന തുകയാണ് ദീപ്തിക്ക് ഇത്തവണ ലഭിച്ചതെന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തേ 2.6 കോടിയായിരുന്നു ദീപ്തിയുടെ ശമ്പളം. ഇതാണ് ഇപ്പോള്‍ 3.2 കോടിയിലേക്കു കുതിച്ചത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനൊപ്പവും ദീപ്തിയെത്തി.

താരലേലത്തില്‍ വെറും 50 ലക്ഷം രൂപയാണ് ദീപ്തി ശര്‍മയ്ക്ക് ലഭിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സാണ് ദീപ്തിക്ക് വേണ്ടി ബിഡ് ചെയ്തത്. ഇത്ര കുറഞ്ഞ തുകയ്ക്ക് സൂപ്പര്‍ താരം ഡല്‍ഹിയിലെത്തുമെന്നു ഉറപ്പിച്ചിരിക്കെയാണ് ആര്‍ടിഎം ഓപ്ഷനെ കുറിച്ച് ഓക്ഷ്‌നര്‍ പറയുന്നത്. ഇതിനുപിന്നാലെയാണ് യുപി വാരിയേഴ്‌സ് തങ്ങളുടെ ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ചത്. ഇതോടെ ഡല്‍ഹി 3.20 കോടിയായി തങ്ങളുടെ ബിഡ് ഉയര്‍ത്തി. ഇത്രയും വലിയ തുകയ്ക്ക് ദീപ്തിയെ യുപി തിരികെ വാങ്ങില്ലെന്ന് തോന്നിച്ചെങ്കിലും ടീം അതിനു് തയ്യാറാവുകയും ആർടിഎമ്മിലൂടെ താരത്തെ സ്വന്തമാക്കുകയും ചെയ്തു. ലേലത്തില്‍ ഇതാദ്യമായാണ് ആര്‍ടിഎം പ്രാബല്യത്തില്‍ വന്നത്.

28 കാരിയായ ദീപ്തി 2023ലെ ഡബ്ല്യുപിഎല്‍ മുതല്‍ യുപി ടീമിന്റെ ഭാഗമാണ്. 25 മത്സരങ്ങളില്‍ കളിച്ച താരം 117.63 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 507 റണ്‍സും സ്കോർ ചെയ്തു. ബോളിങ്ങിൽ 8.3 ഇക്കോണമി റേറ്റില്‍ 27 വിക്കറ്റുകളും ദീപ്തി സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: WPL auction 2026: UP Warriorz acquires Deepti Sharma for Rs 3.2 crore

dot image
To advertise here,contact us
dot image