ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരെ വിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. ഇന്ത്യൻ ക്രിക്കറ്റിനെ ഇത്രയും മോശം അവസ്ഥയിൽ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഗവാസ്കറുടെ വാക്കുകൾ. ഇതിന്റെ ക്രെഡിറ്റ് ഗംഭീറിനാണെന്ന് ഗവാസ്കർ പറഞ്ഞു.
'ഇന്ത്യൻ ക്രിക്കറ്റ് ഇത്രയും മോശം അവസ്ഥയിലായിരിക്കുന്നത് ഞാൻ മുമ്പ് കണ്ടിട്ടില്ല. ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ ഗംഭീർ ബിസിസിഐക്ക് മുമ്പിൽ ഒരുപാട് ആവശ്യങ്ങളുന്നയിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്റ്റാഫുകളെ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിലും ഉൾപ്പെടുത്തി. രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി. ഇന്ത്യൻ ടീമിൽ ക്യാപ്റ്റനേക്കാൾ അധികാരം ഗംഭീറിനാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ ടീമിന്റെ ഈ മോശമായ അവസ്ഥയുടെ പൂർണ്ണമായ ഉത്തരവാദിത്തം ഗംഭീറിനാണ്,' ഗവാസ്കർ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിനായിരുന്നു ഇന്ത്യൻ ടീമിന്റെ പരാജയം. പിന്നാലെ ഗുവാഹത്തിയിൽ നടന്ന ടെസ്റ്റിൽ ഇന്ത്യ 408 റൺസിന് പരാജയപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയമാണിത്.
ഗൗതം ഗംഭീർ പരിശീലകനായ ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ കളിച്ച 18 ടെസ്റ്റ് മത്സരങ്ങളിൽ ഏഴ് വിജയവും രണ്ട് സമനിലയും നേടാനായപ്പോൾ ഒമ്പത് മത്സരങ്ങൾ പരാജയപ്പെട്ടു. തുടർന്ന് ഗംഭീറിന്റെ പരിശീലന സ്ഥാനത്തെക്കുറിച്ച് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
Content Highlights: Sunil Gavaskar Blasts Gautam Gambhir on test defeats