ടെസ്റ്റിലെ പരാജയത്തിന് തിരിച്ചടിച്ച് അയർലൻഡ്; ആദ്യ ട്വന്റി 20യിൽ ബം​ഗ്ലാദേശിനെ തകർത്തു

എട്ടിന് 74 എന്ന് തകർന്ന ശേഷമാണ് ബം​ഗ്ലാദേശ് സ്കോർ ഒമ്പതിന് 142ലേക്കെത്തിയത്

ബം​ഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യിൽ തകർപ്പൻ ജയവുമായി അയർലൻഡ്. 39 റൺസിനാണ് അയർലൻഡ് ആദ്യ മത്സരത്തിൽ വിജയിച്ചത്. അടുത്തിടെ സമാപിച്ച രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ബം​ഗ്ലാദേശിനോട് അയർലൻഡ് പരാജയപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായി അയർലൻഡ് മൂന്ന് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡ് വിജയിച്ചിരിക്കുകയാണ്.

മത്സരത്തിൽ ടോസ് നേടിയ ബം​ഗ്ലാദേശ് അയർലൻഡിനെ ബാറ്റിങ്ങിനയച്ചു. പുറത്താകാതെ 69 റൺസെടുത്ത ഹാരി ടെക്ടറാണ് അയർലൻഡ് നിരയിലെ ടോപ് സ്കോറർ. 45 പന്തിൽ ഒരു ഫോറും അഞ്ച് സിക്സറും അടങ്ങുന്നതാണ് ടെക്ടറുടെ ഇന്നിങ്സ്. ടിം ടെക്റും 32 റൺസും കർട്ടിസ് കാംഫർ 24 റൺസും നേടി. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാൻ അയർലൻഡിന് സാധിച്ചു.

മറുപടി ബാറ്റിങ്ങിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസിലെത്താനെ ബം​ഗ്ലാദേശിന് കഴിഞ്ഞുള്ളൂ. മുൻനിര തകർന്നടിഞ്ഞതാണ് ബം​ഗ്ലാദേശിന് തിരിച്ചടിയായത്. അഞ്ചാമനായി ക്രീസിലെത്തി പുറത്താകാതെ 83 റൺസെടുത്ത തൗഹിദ് ഹൃദോയുടെ ബാറ്റിങ്ങാണ് ബം​ഗ്ലാദേശിന്റെ പരാജയഭാരം കുറച്ചത്. 50 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറും സഹിതമാണ് ഹൃദോയുടെ ഇന്നിങ്സ്. ജാക്കർ അലി 20 റൺസും ഷൊറിഫുൾ ഇസ്ലാം 12 റൺസും നേടി.

ബം​ഗ്ലാദേശ് നിരയിൽ എട്ട് താരങ്ങൾക്ക് രണ്ടക്കം കടക്കാൻ സാധിച്ചില്ല. ഒരു ഘട്ടത്തിൽ എട്ടിന് 74 എന്ന് തകർന്ന ശേഷമാണ് ബം​ഗ്ലാദേശ് സ്കോർ ഒമ്പതിന് 142ലേക്കെത്തിയത്. അയർലൻഡ് ബൗളിങ് നിരയിൽ മാത്യു ഹംഫ്രീസ് നാല് വിക്കറ്റുകളെടുത്തു. ബാരി മ​ഗ്രാത്തി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

Content Highlights: Ireland register a convincing win in the first T20I against Bangladesh

To advertise here,contact us