ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരാജയഭീതിയിലാണ്. അത്ഭുതങ്ങൾ സംഭവിച്ച് മത്സരം സമനിലയായാൽ പോലും ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചത് കൊണ്ട് തന്നെ അവർക്ക് പരമ്പര സ്വന്തമാക്കാനാകും.
അതേ സമയം തോൽവി ഭീഷണി മുന്നിൽ നിൽക്കവെ കോച്ച് ഗൗതം ഗംഭീറിനെതിരായ വിമര്ശനങ്ങള്ക്ക് കൂടുതൽ മൂർച്ച കൂടി വരികയാണ്. നിരവധി മുൻ താരങ്ങളും ആരാധകരും ഇതിനകം തന്നെ ഗംഭീറിനെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.
ഇപ്പോഴിതാ ഗംഭീറിനെതിരെ രൂക്ഷ വിമര്ശനവുമായി മുന് ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്നു കൃഷ്ണമാചാരി ശ്രീകാന്തും രംഗത്തെത്തിയിരിക്കുകയാണ്. ടീമില് ഗംഭീര് നടത്തുന്ന അടിക്കടി മാറ്റങ്ങളെ വിമര്ശിച്ച ശ്രീകാന്ത് ഓള് റൗണ്ടര് നിതീഷ് കുമാര് റെഡ്ഡിയെ പ്ലേയിംഗ് ഇലവനില് എടുത്തതിനെതിരെയും തുറന്നടിച്ചു.
നിതീഷ് കുമാര് റെഡ്ഡിയെ ആരാണ് ഓള് റൗണ്ടര് എന്ന് വിശേഷിപ്പിച്ചത് എന്നായിരുന്നു ശ്രീകാന്തിന്റെ ചോദ്യം. അവന്റെ ബൗളിംഗ് കണ്ടാല് ആര്ക്കെങ്കിലും അവനെ ഓൾ റൗണ്ടറെന്ന് വിളിക്കാനാവുമോ. അവന് മെല്ബണില് ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി അടിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ അതിനുശേഷം അവനെന്ത് ചെയ്തു. നിതീഷ് ഓള് റൗണ്ടറാണങ്കില് ഞാനും മഹാനായ ഓള് റൗണ്ടറാണ്, ശ്രീകാന്ത് പറഞ്ഞു.
അതേ സമയം മെല്ബണിലെ സെഞ്ച്വറിക്ക് ശേഷം കളച്ച 10 മത്സരങ്ങളില് 28 റണ്സ് ശരാശരിയില് റണ്സടിച്ച നിതീഷിന് എട്ട് വിക്കറ്റുകളാണ് ആകെ നേടാനായത്. ആദ്യ ടെസ്റ്റില് നിന്ന് ഒഴിവാക്കിയ നിതീഷിനെ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് തിരിച്ചുവിളിക്കുകയും പ്ലേയിംഗ് ഇലവനില് ഉള്പ്പെടുത്തുകയുമായിരുന്നു. ആദ്യ ഇന്നിംഗ്സില് 10 റണ്സ് മാത്രമെടുത്ത് പുറത്തായ നിതീഷ് രണ്ട് ഇന്നിംഗ്സിലുമായി പന്തെറിഞ്ഞത് വെറും 10 ഓവര് മാത്രമാണ്. വിക്കറ്റൊന്നും നേടാനുമായില്ല.
Content Highlights: srikanth slams gambir for selection of nitish kumar reddy