ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും വലിയ തോൽവി; നാണക്കേടിന്റെ റെക്കോർഡും ഗംഭീറിന്റെ ടീമിന്

21 വർഷം പഴക്കമുള്ള ചരിത്രമാണ് ഇന്ന് തിരുത്തിക്കുറിക്കപ്പെട്ടത്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ​ഗുവാഹത്തിയിൽ ഇന്ത്യ നേരിട്ടത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി. 408 റൺസിനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ​ഗുവാഹത്തിയിൽ ഇന്ന് സമാപിച്ച ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെട്ടത്. 21 വർഷം പഴക്കമുള്ള ചരിത്രമാണ് ഇന്ന് തിരുത്തിക്കുറിക്കപ്പെട്ടത്. 2004ൽ നാ​ഗ്പൂരിൽ ഓസ്ട്രേലിയയോട് 342 റൺസിന് പരാജയപ്പെട്ടതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ വലിയ പരാജയം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയാണ് ടോസ് വിജയിച്ച് ആദ്യം ബാറ്റ് ചെയ്തത്. സെനുരാൻ മുത്തുസാമിയുടെ 109 റൺസിന്റെയും മാർകോ ജാൻസന്റെ 93 റൺസിന്റെയും മികവിൽ‌ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 489 റൺസെടുത്തു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ മറുപടി 201 റൺസിൽ അവസാനിച്ചു. 58 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കായി മാർകോ ജാൻസൻ ആറ് വിക്കറ്റുകളെടുത്തു. 288 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ടും ഇന്ത്യയെ ഫോളോ ഓണിന് അയക്കാൻ ദക്ഷിണാഫ്രിക്ക തയ്യാറായില്ല.

രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 94 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സ് ടോപ് സ്കോററായി. 509 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 140 റൺസിൽ എല്ലാവരും പുറത്തായി. 54 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കായി സൈമൺ ഹാർമർ ആറ് വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Content Highlights: India's biggest defeats in terms of runs in Test cricket

To advertise here,contact us