ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരാജയഭീതിയിലാണ്. അത്ഭുതങ്ങൾ സംഭവിച്ച് മത്സരം സമനിലയായാൽ പോലും ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചത് കൊണ്ട് തന്നെ അവർക്ക് പരമ്പര സ്വന്തമാക്കാനാകും. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് ശേഷം മറ്റൊരു വൈറ്റ് വാഷ് പേടിലാണ് ഇപ്പോൾ ഇന്ത്യ.
അഞ്ചാം ദിനം ഇന്ന് കളിക്കാനിറങ്ങുമ്പോഴും ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര പന്തിയല്ല. ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില് ദക്ഷിണാഫ്രിക്കക്കെതിരെ ഹിമാലയന് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 549 റണ്സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില് 27 റണ്സെന്ന നിലയിലാണ് ക്രീസ് വിട്ടത്.
രണ്ട് റണ്സോടെ സായ് സുദര്ശനും നാലു റണ്സോടെ നൈറ്റ് വാച്ച്മാന് കുല്ദീപ് യാദവും ക്രീസില്. 13 റണ്സെടുത്ത യശസ്വി ജയ്സ്വാളിന്റെയും ആറ് റണ്സെടുത്ത കെ എല് രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. എട്ടുവിക്കറ്റും 90 ഓവറും ശേഷിക്കെ ഇന്ത്യക്ക് സമനിലപോലും സ്വപ്നം കാണണമെങ്കില് അത്ഭുതങ്ങള് സംഭവിക്കേണ്ടിവരും. 8 വിക്കറ്റ് മാത്രം കൈയിലിരിക്കെ ദക്ഷിണഫ്രിക്കൻ സ്കോറിന് 522 റണ്സിന് പിന്നിലാണ് ഇന്ത്യ ഇപ്പോഴും.
നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്സെന്ന നിലയില് നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം ലഞ്ചിനുശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തില് 260 റണ്സെടുത്ത ഇന്നിംഗ്സ് ഡിക്ലയര് ചെയ്താണ് ഇന്ത്യക്ക് 549 റണ്സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 94 റണ്സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്.
നേരത്തെ മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില് 201 റണ്സില് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക 288 റൺസിന്റെ നിര്ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക മികച്ച ഒന്നാം ഇന്നിങ്സ് ടോട്ടലാണ് സ്വന്തമാക്കിയത്. 151.1 ഓവറിൽ 489 റൺസാണ് സന്ദർശകർ നേടിയത്.
Content Highlights:india vs south africa second test, last day updates