

2026 ടി20 ലോകകപ്പിന്റെ ബ്രാന്ഡ് അംബാസഡറായി ഇന്ത്യയുടെ മുന് ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ രോഹിത് ശര്മയെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച മുംബൈയില് നടന്ന ഒരു പരിപാടിയിലാണ് ഐസിസി ചെയര്മാന് ജയ് ഷാ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2024 ടി20 ലോകകപ്പിലെ ജേതാവായ ക്യാപ്റ്റനും ഇതുവരെയുള്ള ഒന്പത് പതിപ്പുകളിലും പങ്കെടുത്ത ഒരു കളിക്കാരനുമായ രോഹിത്തിനേക്കാള് മികച്ച ഒരു പ്രതിനിധി ഈ ടൂര്ണമെന്റിന് ഉണ്ടാകില്ലെന്ന് ജയ് ഷാ സോഷ്യല് മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തു.
ടൂര്ണമെന്റിന്റെ ഷെഡ്യൂളും ചടങ്ങില് പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് ആരംഭിക്കുക. മാർച്ച് എട്ടിനാണ് ഫൈനൽ മത്സരം അരങ്ങേറുക. ഇന്ത്യയിൽ അഞ്ച് വേദികളിലും ശ്രീലങ്കയിൽ മൂന്ന് വേദികളിലുമായാണ് മത്സരങ്ങൾ. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ലോകകപ്പിൽ ഉള്ളത്.
ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഒരേ ഗ്രൂപ്പിലാണുള്ളത്. ഫെബ്രുവരി 15നാണ് ആരാധകർ ഏറെ ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്താൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം നടക്കുക.
Content Highlights: T20 World Cup 2026: Rohit Sharma named ambassador, Schedule Announced