ഒരു വലിയ നാണക്കേടിനരികിലാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കക്കെതിരായ കൊല്ക്കത്ത ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഗുവാഹത്തി ടെസ്റ്റിലും തോല്വി മുന്നില് കാണുകയാണ് ഇന്ത്യ.
288 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്സെന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്. ഇന്ത്യൻ ബാറ്റർമാർക്ക് അടിതെറ്റിയ പിച്ചിൽ മികച്ച നിലയിലാണ് പ്രോട്ടീസ് ഓപ്പണർമാർ ബാറ്റുവീശി തുടങ്ങിയത്.
വലിയ വിജയലക്ഷ്യം നൽകി ഡിക്ലയർ നൽകുകയാവും ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. 10 വിക്കറ്റും രണ്ട് ദിവസവും കൈയിലിരിക്കെ ദക്ഷിണാഫ്രിക്കക്കിപ്പോള് 314 റണ്സിന്റെ ലീഡുണ്ട്. ടെസ്റ്റ് സമനിലയായാല് പോലും ആദ്യ ടെസ്റ്റ് ജയിച്ച ദക്ഷിണാഫ്രിക്കക്ക് 1-0ന് പരമ്പര സ്വന്തമാക്കാം. എന്നാൽ ഇന്ത്യക്ക് ആ സമനില പോലും ഇപ്പോൾ ഏറെ ദൂരത്താണ്.
ഗുവാഹത്തിയില് നടക്കുന്ന രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയാല് ചരിത്രനേട്ടമാണ് ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത്. ഇന്ത്യയില് ഇതിന് മുമ്പ് രണ്ട് ടീമുകള് മാത്രമാണ് രണ്ടോ അതില് കൂടുതലോ ഉള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടുള്ളത്. ഗൗതം ഗംഭീര് പരിശീലകനായിരിക്കെ കഴിഞ്ഞ വര്ഷം ന്യൂസിലന്ഡിനോടായിരുന്നു ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയില് സമ്പൂര്ണ തോല്വി വഴങ്ങിയത്. മൂന്ന് മത്സര പരമ്പരയില് 0-3നാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.
അതിന് മുമ്പ് 1998ല് ദക്ഷണാഫ്രിക്ക ആയിരുന്നു ഇന്ത്യയില് ടെസ്റ്റ് പരമ്പര തൂത്തുവാരിയ മറ്റൊരു ടീം. ഹാന്സ് ക്രോണ്യയുടെ നേതൃത്വത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയോട് സച്ചിന് ടെന്ഡുല്ക്കറുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 0-2നായിരുന്നു തോറ്റത്.
Content Highlights: crucial for india team , fourth day india vs south africa second test