അമ്പമ്പോ!; സൂപ്പർമാനായി മാർക്രം; കിടിലൻ ക്യാച്ചിൽ കണ്ണുതള്ളി ആരാധകർ; VIDEO

ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിൽ കിടിലൻ ക്യാച്ചുമായി എയ്ഡൻ മാർക്രം.

ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിൽ കിടിലൻ ക്യാച്ചുമായി എയ്ഡൻ മാർക്രം. ഇന്ത്യൻ ഇന്നിങ്സിന്റെ 42-ാം ഓവറിൽ മാർക്കോ യാൻസന്റെ പന്തിൽ നിതീഷ് കുമാർ റെഡ്‌ഡിയെ പുറത്താക്കിയ ക്യാച്ചാണ് ആരാധകരെ ഞെട്ടിച്ചത്. യാൻസൺ എറിഞ്ഞ ഷോർട്ട് ബോൾ ഡെലിവറി നിതീഷ് ബാറ്റുകൊണ്ട് ഉയർത്തിയിട്ടുവെങ്കിലും രണ്ടാം സ്ലിപ്പിൽ നിൽക്കുകയായിരുന്ന മാർക്രം അസാധാരണ മെയ് വഴക്കത്തിൽ ഡൈവ് ചെയ്ത് ഒറ്റ കയ്യിൽ ഒതുക്കുകയായിരുന്നു.

Aiden Markram You Cannot Do That, What A Catch 🔥.pic.twitter.com/7KPSOZ2v81

അതേ സമയം ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489നെതിരെ ബാറ്റിംഗ് തുടരുന്ന 50 ഓവർ പിന്നിടുമ്പോൾ 142 ന് ഏഴ് എന്ന നിലയിലാണ്. ഇപ്പോഴും 347 റൺസിന് പിന്നിലാണ് ഇന്ത്യ.

യശ്വസി ജയ്‌സ്വാൾ മാത്രമാണ് തിളങ്ങിയത്. താരം 58 റൺസ് നേടി പുറത്തായി. കെ എൽ രാഹുൽ (22 ), സായ് സുദർശൻ(11 ), ധ്രുവ് ജുറൽ(0 ), റിഷഭ് പന്ത്(7 ), നിതീഷ് കുമാർ റെഡ്‌ഡി(10 ) , രവീന്ദ്ര ജഡേജ( 6 ) എന്നിവരുടെയും വിക്കറ്റുകളാണ്‌ നഷ്ടമായത്. മാർക്കോ യാൻസൻ നാല് വിക്കറ്റ് നേടി. സൈമൺ ഹാർമർ രണ്ടും കേശവ് മഹാരാജ് ഒന്നും വീതം വിക്കറ്റുകൾ നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക മികച്ച ഒന്നാം ഇന്നിങ്‌സ് ടോട്ടലാണ് സ്വന്തമാക്കിയത്. 151.1 ഓവറിൽ 489 റൺസാണ് സന്ദർശകർ നേടിയത്. സെനുരാൻ മുത്തുസ്വാമിയുടെ (109) സെഞ്ച്വറിയും, മാർക്കോ യാൻസന്‍റെ (93) തകർപ്പന്‍ ഇന്നിങ്സുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്.

206 പന്തിൽ 10 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടെയാണ് സെനുരാൻ മുത്തുസാമി 109 റൺസ് നേടിയത്. 91 പന്തിൽ 6 ഫോറുകളും 7 സിക്സറുകളും ഉൾപ്പെടെ 93 റൺസ് നേടിയ മാർക്കോ യാൻസൺ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തിൽ അതിവേ​ഗം റൺസ് കൂട്ടിച്ചേർക്കാൻ യാൻസണ് സാധിച്ചു. കൈൽ വെറെയ്ൻ (45), ഏയ്ഡൻ മർക്രം (38), ട്രിസ്റ്റൻ സ്റ്റബ്സ് (49) എന്നിവരും മികച്ച സംഭാവനകൾ നൽകി.

ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് 30 ഓവറുകളിലായി 115 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടിത്തിളങ്ങി. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും 2 വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി.

Content Highlights: Aiden Markram takes a stunner vs india; second test

To advertise here,contact us