ആഷസിന് രണ്ട് ദിവസത്തിൽ അവസാനം; ഓസ്ട്രേലിയൻ ക്രിക്കറ്റിന് നഷ്ടം കോടികൾ

അതിനിടെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും മത്സരം കാണാൻ കഴിയാതിരുന്ന കാണികളോട് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് ക്ഷമചോദിച്ചു

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് രണ്ട് ദിവസത്തിൽ അവസാനിച്ചതോടെ ആതിഥേയരായ ഓസ്ട്രേലിയൻ ക്രിക്കറ്റിനുണ്ടായത് കോടികളുടെ നഷ്ടം. മത്സരം നടക്കാത്ത മൂന്ന്, നാല് ദിവസങ്ങളിൽ നിന്നും ടിക്കറ്റ് വരുമാനത്തിൽ നിന്ന് ഏകദേശം മൂന്ന് മില്യൺ ഓസ്‌ട്രേലിയൻ ഡോളറിൽ അധികം നഷ്ടം ഉണ്ടാകുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കണക്കാക്കുന്നത്.

ആഷസിൽ രണ്ട് ദിവസത്തെ മത്സരം നടന്നപ്പോൾ 1,01,514 കാണികൾ സ്റ്റേഡിയത്തിലെത്തിയിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച 51,531 കാണികളും പിന്നാലെ രണ്ടാം ദിവസമായ ഇന്നലെ 49,983 കാണികളുമാണ് ആഷസ് കാണാൻ സ്റ്റേഡിയത്തിലെത്തിയത്. കഴിഞ്ഞ വർഷം ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോൾ 96,463 കാണികളാണ് ആദ്യ രണ്ട് ദിവസങ്ങളിൽ സ്റ്റേഡിയത്തിലെത്തിയത്. ഈ റെക്കോർഡ് തകർക്കുന്നതാണ് ആഷസിലെ ആദ്യ രണ്ട് ദിവസത്തിലെ കാണികളുടെ എണ്ണം.

ആഷസ് ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ടിക്കറ്റുകളും പൂർണമായി വിറ്റഴിഞ്ഞിരുന്നു. ഈ തുക ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ തിരിച്ചുനൽകണം. അതിനിടെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും മത്സരം കാണാൻ കഴിയാതിരുന്ന കാണികളോട് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് ക്ഷമചോദിച്ചു. ആഷസിലെ അടുത്ത മത്സരവും കാണികളാൽ നിറയുമെന്ന പ്രതീക്ഷിക്കുന്നതായും ഹെഡ് പറഞ്ഞു.

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 172 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് 132 റൺസിൽ അവസാനിച്ചു. 40 റൺസ് ലീഡോടെ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇം​ഗ്ലണ്ടിന് വീണ്ടും ബാറ്റിങ് തകർച്ച നേരിട്ടു. വെറും 164 റൺസിൽ ഇം​ഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചു. 205 റൺസ് വിജയലക്ഷ്യം ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയും ചെയ്തു.

Content Highlights: Two-day Test could cost Cricket Australia millions

To advertise here,contact us