സഞ്ജു ഇല്ല, ഇന്ത്യയെ നയിക്കാന്‍ രാഹുല്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി

സഞ്ജു ഇല്ല, ഇന്ത്യയെ നയിക്കാന്‍ രാഹുല്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന സ്‌ക്വാഡിനെ പ്രഖ്യാപിച്ചു
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പകരം കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുന്നത്. പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പകരം തിലക് വര്‍മയും ടീമിലെത്തി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ടീമിലുണ്ട്.

സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഓപ്പണറായി റുതുരാജ് ഗെയ്ക്വാദ് ടീമിൽ ഇടം പിടിച്ചപ്പോൾ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന് ടീമിൽ സ്ഥാനം ലഭിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇടംലഭിക്കാതിരുന്ന സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി. പേസര്‍മാരായ ജസ്പ്രിത് ബുംറയ്ക്കും മുഹമ്മദ് സിറാജ് എന്നിവര്‍ക്കും വിശ്രമം നല്‍കി. ഹാര്‍ദിക് പാണ്ഡ്യയെയും പരിഗണിച്ചില്ല.

രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കെ എൽ രാഹുൽ ഇന്ത്യൻ‌ ടീമിനെ നയിക്കാനെത്തുന്നത്. 2023 ഡിസംബറിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു രാഹുൽ അവസാനമായി ടീമിനെ നയിച്ചത്. നവംബർ 30ന് റാഞ്ചിയിലാണ് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍.

Content Highlights: India ODI squad announced for SA series: KL Rahul named captain

dot image
To advertise here,contact us
dot image