ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിനെ പ്രശംസിച്ചുകൊണ്ടാണ് ബെൻ സ്റ്റോക്സിന്റെ പ്രതികരണം. ഒരു ട്രെയിൻ പോലെ ഹെഡ് കുതിക്കുമ്പോൾ, തടയാൻ പ്രയാസമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ പ്രതികരിച്ചു.
'ശരിക്കും ഇംഗ്ലണ്ട് ടീം ഒന്ന് ഞെട്ടി. ഹെഡിന്റെ പ്രകടനം അവിശ്വസനീയം തന്നെ. അതൊരു മികച്ച ഇന്നിംഗ്സായിരുന്നു. ക്രീസിൽ നിലയുറച്ച ഓസ്ട്രേലിയൻ താരങ്ങൾ ആത്മവിശ്വാസത്തോടെ കളിച്ചു. ശരിക്കും ട്രാവിസ് ഹെഡ് ഇംഗ്ലണ്ട് ടീമിന്റെ കരുത്തിനെ ചോർത്തിക്കളഞ്ഞു. ഇംഗ്ലണ്ട് ബൗളർമാർ സമ്മർദ്ദത്തിലായതോടെ ഓസീസ് അനായാസം മുന്നേറി,' സ്റ്റോക്സ് പ്രതികരിച്ചു.
'ഹെഡിനെതിരെ ഇംഗ്ലണ്ട് ടീം മൂന്നോ നാലോ വ്യത്യസ്ത പ്ലാനുകൾ പരീക്ഷിച്ചു. പക്ഷേ ഹെഡ് ഒരു ട്രെയിൻ പോലെ കുതിക്കുമ്പോൾ തടയാൻ വളരെ ബുദ്ധിമുട്ടാണ്. ഒന്നാം ദിവസം ഇംഗ്ലണ്ട് താരങ്ങൾ നന്നായി പന്തെറിഞ്ഞത് പോസിറ്റീവായ കാര്യമാണ്,' സ്റ്റോക്സ് കൂട്ടിച്ചേർത്തു.
'തോൽവി കടുപ്പമേറിയതാണ്. കാരണം ഒരുഘട്ടത്തിൽ ഇംഗ്ലണ്ടിനായിരുന്നു മേൽക്കൈ. ഈ മത്സരത്തിലെ തോൽവിയെ അംഗീകരിക്കുന്നു. രണ്ടാം ടെസ്റ്റിന് മുമ്പ് ഒരുപാട് സമയമുണ്ട്. കൂടുതൽ കഠിനമായി പരിശീലനം നടത്തി ഇംഗ്ലണ്ട് ടീം തിരിച്ചുവരും,' സ്റ്റോക്സ് വ്യക്തമാക്കി.
ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 172 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് 132 റൺസിൽ അവസാനിച്ചു. 40 റൺസ് ലീഡോടെ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വീണ്ടും ബാറ്റിങ് തകർച്ച നേരിട്ടു. വെറും 164 റൺസിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചു. 205 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയും ചെയ്തു.
Content Highlights: Ben Stokes says can't stop Head when he's going like a train