ചരിത്രത്തിൽ ഇടം നേടി പെർത്ത് ടെസ്റ്റ്; ആഷസ് രണ്ട് ദിവസത്തിൽ അവസാനിക്കുന്നത് 100ലധികം വർഷത്തിന് ശേഷം

ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് ആഷസ് മത്സരം രണ്ട് ദിവസത്തിൽ അവസാനിക്കുന്നത്

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് അവസാനിച്ചിരിക്കുകയാണ്. വെറും രണ്ട് ദിവസത്തിനുള്ളിലാണ് ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആഷസ് ചരിത്രത്തിൽ 104 വർഷത്തിന് ശേഷമാണ് ഒരു ടെസ്റ്റ് മത്സരം രണ്ട് ദിവസത്തിൽ അവസാനിക്കുന്നത്. ഒടുവിൽ 1921ൽ‌ ഇം​ഗ്ലണ്ടിലെ നോട്ടിങ്ഹാമിൽ വെച്ചാണ് ഒരു ആഷസ് മത്സരം രണ്ട് ദിവസത്തിൽ അവസാനിക്കുന്നത്. ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് ആഷസ് മത്സരം രണ്ട് ദിവസത്തിൽ അവസാനിക്കുന്നത്.

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം ഏറ്റവും കുറഞ്ഞ പന്തുകൾ നേരിട്ട ചരിത്രത്തിലെ മൂന്നാമത്തെ മത്സരവുമാണിത്. രണ്ട് ഇന്നിങ്സുകളിലുമായി 405 പന്തുകൾ മാത്രമാണ് ഇം​ഗ്ലണ്ട് ടീമിന് ഈ മത്സരത്തിൽ നേരിടാൻ കഴിഞ്ഞത്. ഇതിന് മുമ്പ് 1888ൽ ലോർഡ്സിൽ നടന്ന ഒരു മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് ഇന്നിങ്സിലുമായി ഇം​ഗ്ലണ്ട് സംഘം 388 പന്തുകൾ മാത്രം നേരിട്ട് എല്ലാവരും പുറത്തായിരുന്നു. 1904ൽ മെൽബണിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇം​ഗ്ലണ്ട് സംഘം 325 ബോളുകൾ മാത്രം നേരിട്ട് രണ്ട് ഇന്നിങ്സുകൾ അവസാനിപ്പിച്ചിരുന്നു. ഇതാണ് ചരിത്രത്തിൽ ഏറ്റവും കുറവ് പന്തുകൾ നേരിട്ട ഇം​ഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരം.

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 172 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് 132 റൺസിൽ അവസാനിച്ചു. 40 റൺസ് ലീഡോടെ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇം​ഗ്ലണ്ടിന് വീണ്ടും ബാറ്റിങ് തകർച്ച നേരിട്ടു. വെറും 164 റൺസിൽ ഇം​ഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചു. 205 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയും ചെയ്തു.

Content Highlights: Ashes Tests ending inside two days after 100 plus years

To advertise here,contact us