23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ രാജസ്ഥാനെതിരെ പൊരുതിത്തോറ്റ് കേരളം. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിന് ഒടുവിലായിരുന്നു കേരളം പരാജയം വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 49.5 ഓവറിൽ 333 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും തുടർന്നെത്തിയവർ തകർത്തടിച്ച് മുന്നേറുകയായിരുന്നു. നാല് റൺസെടുത്ത ഓപ്പണർ സുമിത് ഗൊദാരയെ അഭിറാമാണ് ആദ്യ ഓവറിൽ പുറത്താക്കിയത്. എന്നാൽ ക്യാപ്റ്റൻ രോഹൻ വിജയും മിനാഫ് ഷെയ്ഖും ചേർന്ന് രണ്ടാം വിക്കറ്റിൽ 134 റൺസ് കൂട്ടിച്ചേർത്തു. 61 റൺസെടുത്ത മിനാഫ് ഷെയ്ഖിന് ശേഷമെത്തിയ കരൺ ലമ്പയും മികച്ച രീതിയിൽ ബാറ്റ് വീശി. 106 പന്തുകളിൽ 144 റൺസ് കൂട്ടിച്ചേർത്ത രോഹൻ - കരൺ സഖ്യമാണ് രാജസ്ഥാൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. കരൺ 62ഉം രോഹൻ 147ഉം റൺസെടുത്തു. 136 പന്തുകളിൽ 12 ഫോറുകളും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹൻ വിജയുടെ ഇന്നിങ്സ്. തുടർന്നെത്തിയവരും ആഞ്ഞടിച്ചതോടെ രാജസ്ഥാൻ്റെ ഇന്നിങ്സ് 340 വരെ നീണ്ടു. കേരളത്തിന് വേണ്ടി അഭിറാം മൂന്നും പവൻ രാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ അക്ഷയും കൃഷ്ണനാരായണും ചേർന്ന് ഉജ്ജ്വല തുടക്കമാണ് നല്കിയത്. കൂറ്റൻ ലക്ഷ്യത്തിനൊത്ത് അതിവേഗം സ്കോർ ചെയ്ത് മുന്നേറിയ ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 160 റൺസാണ് കൂട്ടിച്ചേർത്തത്. 78 റൺസെടുത്ത കൃഷ്ണനാരായണ് പകരമെത്തിയ പവൻ ശ്രീധറും മികച്ച രീതിയിൽ ബാറ്റ് വീശി. എന്നാൽ ഏഴ് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. അക്ഷയ് 107 റൺസും പവൻ ശ്രീധർ 42ഉം ക്യാപ്റ്റൻ രോഹൻ നായർ ഒരു റണ്ണും നേടി പുറത്തായി. ഒരു വശത്ത് ഷോൺ റോജർ ഉറച്ച് നിന്ന് പൊരുതിയെങ്കിലും വിജയത്തിന് തൊട്ടരികെ കേരളത്തിൻ്റെ പോരാട്ടം അവസാനിച്ചു. അവസാന ഓവറിലെ അഞ്ചാം പന്തിൽ ഷോൺ റണ്ണൗട്ടാവുകയായിരുന്നു. 34 പന്തുകളിൽ നിന്ന് ഒൻപത് ബൌണ്ടറികളടക്കം 58 റൺസാണ് ഷോൺ നേടിയത്. രാജസ്ഥാന് വേണ്ടി നീലേഷ് നാല് വിക്കറ്റുകൾ.
Content Highlights: Under-23 ODI tournament; Kerala loses by seven runs against Rajasthan