ചരിത്രം കുറിച്ച് റിഷഭ് പന്ത്; ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ

ശുഭ്മൻ ​ഗില്ലിന്റെ അഭാവത്തിലാണ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കുന്നത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസിട്ടതും ചരിത്രം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ റിഷഭ് പന്ത്. ഇതിഹാസ താരം എം എസ് ധോണിക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനാകുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. 2008 മുതൽ 2014 വരെയാണ് ധോണി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നത്. ഇതിൽ 27 ജയം നേടിയപ്പോൾ 18 തോൽവി നേരിട്ടു. 15 മത്സരങ്ങൾ സമനിലയായി.

സ്ഥിരം ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ അഭാവത്തിലാണ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഒന്നാം ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റതാണ് ശുഭ്മൻ ​ഗില്ലിന് രണ്ടാം മത്സരം നഷ്ടമാകാൻ കാരണം. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശുഭ്മൻ ​ഗില്ലിന് പകരമായി സായി സുദർശൻ ടീമിലെത്തി. അക്സർ പട്ടേലിനെ പുറത്തിരുത്തി പകരം നിതീഷ് കുമാർ റെഡ്ഡിയെയും കളിപ്പിക്കുന്നുണ്ട്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിര‍ഞ്ഞെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: കെ എൽ രാഹുൽ, യശസ്വി ജയ്സ്വാൾ, സായി സുദർശൻ, ധ്രുവ് ജുറേൽ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്.

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കൻ ടീം: എയ്ഡൻ മാർക്രം, റയാൻ റിക്ലത്തൺ, വിയാൻ മൾഡർ, തെംബ ബവൂമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റമ്പ്സ്, കൈൽ വെരെയ്നെ (വിക്കറ്റ് കീപ്പർ), മാർകോ ജാൻസൻ, സെനുരാൻ മുത്തുസാമി, സൈമൺ ഹാമർ, കേശവ് മഹാരാജ്.

Content Highlights: Rishabh Pant is the second wicketkeeper to lead India in Tests

To advertise here,contact us