മലയാളി താരം സഞ്ജു സാംസണിന്റെ പുതിയ വീഡിയോയുമായി ചെന്നൈ സൂപ്പർ കിങ്സ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ സഞ്ജു ധോണിയെ കുറിച്ചും ക്യാപ്റ്റൻ റിതുരാജ് ഗെയ്കവാദിനെ കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. ചെന്നൈയുടെ മുൻ താരം മൈക്കൽ ഹസിയുടെ ബാറ്റിങ്ങിനെ കുറിച്ചും സഞ്ജു പറയുന്നുണ്ട്. ശേഷം ആരാധക പിന്തുണയും തേടിയാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.
നേരത്തെ സഞ്ജു സംസാരിക്കുന്ന മറ്റൊരു വീഡിയോയും ചെന്നൈ പുറത്തിറക്കിയിരുന്നു.തന്റെ വരവിനെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചാണ് അതിൽ സംസാരിക്കുന്നത്. ഞാൻ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും പല ഡാർക്ക് കളറുകൾ ഇതിന് മുമ്പ് ഇട്ടിട്ടുണ്ടങ്കിലും മഞ്ഞ ജഴ്സി ഇടുന്നത് ആദ്യമാണെന്നും അത് വല്ലാത്തൊരു ഫീലിംഗ് ആണെന്നും സഞ്ജു പറയുന്നുണ്ട്.
അതിന് മുമ്പ് മലയാള നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ ഉപയോഗിച്ച് ചെന്നൈ ഒരു വീഡിയോ ഇറക്കിയിരുന്നു. 'ടൈമായി. എടാ മോനെ, പണി തുടങ്ങിക്കോ' എന്ന ബേസിലിന്റെ ഡയലോഗോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ സഞ്ജുവിനായി ചെന്നൈ സൂപ്പർ കിങ്സിന്റെ ജഴ്സിയിൽ പടുകൂറ്റൻ കട്ടൗട്ട് ഒരുക്കുന്ന ബേസിലിന്റെ പ്രവർത്തനങ്ങളാണ് കാണിക്കുന്നത്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു സഞ്ജു സാംസൺ. അടുത്ത സീസണിന് മുന്നോടിയായി രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് കൈമാറിയാണ് ചെന്നൈ സൂപ്പർ കിങ്സ് സഞ്ജു സാംസണെ സ്വന്തമാക്കിയത്.
Content Highlights: Sanju Samson new CSK Video out for asking fans support