പെർത്തിൽ ഓസീസിനെ തിരിച്ചെറിഞ്ഞ് ഇംഗ്ലണ്ട്; ആദ്യ ആറ് വിക്കറ്റും വീണു

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കും ബാറ്റിങ്ങ് തകർച്ച

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കും ബാറ്റിങ്ങ് തകർച്ച. ആതിഥേയരുടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായി. 89 റൺസിനിടെയാണ് ഓസീസിന്റെ ആ റ് വിക്കറ്റുകൾ നഷ്ടമായത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 172 റൺസിന് മറുപടി പറയുകയായിരുന്നു ഓസീസ്. ആദ്യ റൺ കൂട്ടിച്ചേർക്കുന്നതിന് മുമ്പ് അരങ്ങേറ്റക്കാരൻ ജെയ്ക്ക് വെതറാൾഡിന്റെ വിക്കറ്റ് നഷ്ടമായി. ശേഷം തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നു.

കാമറൂൺ ഗ്രീൻ(24 ), ട്രാവിസ് ഹെഡ്(21 ), സ്റ്റീവ് സ്മിത്ത് (17 ), മാർനസ് ലബുഷെയ്ൻ(9 ), ഉസ്മാൻ ഖവാജ (2 ) എന്നിവരാണ് പുറത്തായത്.അലക്സ് ക്യാരിയും മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ.

നേരത്തെ ഏഴ് വിക്കറ്റെടുത്ത ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാണ് ഇം​ഗ്ലണ്ടിനെ തകർത്തത്. ഏകദിന ക്രിക്കറ്റിന്റെ ശൈലിയിൽ ബാറ്റുവീശിയ ഇം​ഗ്ലണ്ട് ടീമിന് ആദ്യ ഇന്നിങ്സിൽ 32.5 ഓവർ മാത്രമാണ് പിടിച്ചുനിൽക്കാനായത്.

ടോസ് നേടിയ ഇം​ഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 39 റൺസിനിടെ ഇം​ഗ്ലണ്ടിന് ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. സാക്ക് ക്രോളിയും ജോ റൂട്ടും പൂജ്യത്തിന് പുറത്തായപ്പോൾ ബെൻ ഡക്കറ്റ് 21 റൺസ് നേടിയും പുറത്തായി. പിന്നാലെ ഒലി പോപ്പും ഹാരി ബ്രൂക്കും ക്രീസിലൊന്നിച്ചതോടെ ഇം​ഗ്ലണ്ട് സ്കോർ മുന്നോട്ട് നീങ്ങി. എങ്കിലും 46 റൺസെടുത്ത ഒലി പോപ്പിനെ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് കാമറൂൺ ​ഗ്രീൻ പുറത്താക്കി.

രണ്ടാം സെഷനിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ആറ് റൺസോടെ പുറത്തായി. പിന്നാലെ ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് ബ്രൂക്ക് തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 61 പന്തിൽ അഞ്ച് ഫോറിന്റെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 52 റൺസാണ് ബ്രൂക്ക് അടിച്ചെടുത്തത്. താരത്തെ പുറത്താക്കി ഓസ്ട്രേലിയൻ പേസർ ബ്രണ്ടൻ ഡോ​ഗെറ്റ് ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ബ്രൂക്കിന് പിന്നാലെ ഇം​ഗ്ലണ്ട് അതിവേ​ഗം ഓൾഔട്ടായി. അവസാന അഞ്ച് വിക്കറ്റിൽ വെറും 12 റൺസാണ് ഇം​ഗ്ലണ്ടിന് നേടാനായത്. 33 റൺസെടുത്ത ജാമി സ്മിത്തിന്റെ സംഭാവന ഇം​ഗ്ലണ്ട് ഇന്നിങ്സിൽ നിർണായകമായി. ഓസ്ട്രേലിയൻ ബൗളിങ് നിരയിൽ മിച്ചൽ സ്റ്റാർക് ഏഴും ബ്രണ്ടൻ ഡോ​ഗെറ്റ് രണ്ട് വിക്കറ്റും വീഴ്ത്തി. അവശേഷിച്ച ഒരു വിക്കറ്റ് കാമറൂൺ ​ഗ്രീനാണ് സ്വന്തമാക്കിയത്.

Content Highlights: england took 6 wickets of australia in early ashes 2025

To advertise here,contact us