'ഗംഭീറിനെ വിമർശിക്കുന്നവർക്ക് വ്യക്തിപരമായ അജണ്ട'; പരിശീലകന് പിന്തുണയുമായി സഹപരിശീലകൻ

ഗംഭീറിനെ വിമര്‍ശിക്കുന്നവര്‍ക്ക് വ്യക്തിപരമായ അജണ്ടയെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടക്.

ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ വിമര്‍ശിക്കുന്നവര്‍ക്ക് വ്യക്തിപരമായ അജണ്ടയെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടക്. ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റതിന് പിന്നാലെ ഗംഭീറിനെതിരെ രൂക്ഷ വിമർശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഗംഭീറിന് പിന്തുണയുമായി സീതാന്‍ഷു എത്തിയത്.

കൊല്‍ക്കത്ത ടെസ്റ്റില്‍ തോറ്റതിന്‍റെ പേരില്‍ ഗംഭീറിനെ മാത്രം എങ്ങനെയാണ് കുറ്റപ്പെടുത്താനാകുകയെന്നും സീതാൻഷു കൊടക് ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് ചോദിച്ചു. കൊല്‍ക്കത്തയില്‍ ടീം ആവശ്യപ്പെട്ട പിച്ച് തന്നെയാണ് ലഭിച്ചതെന്ന് ഗംഭീര്‍ പറഞ്ഞത് പിച്ച് ക്യൂറേറ്ററെ വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷിക്കാനാണ്. എല്ലാം അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു. പിച്ച് ഈ വിധം പെരുമാറുമെന്ന് ഗംഭീറും ക്യൂറേറ്ററും കരുതിയിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാറ്റര്‍മാര്‍ മോശം പ്രകടനം നടത്തിയതിനെക്കുറിച്ച് ആരും പറയുന്നില്ല. അല്ലെങ്കല്‍ ബാറ്റിംഗ് കോച്ച് മോശം പ്രകടനം നടത്തിയെന്ന് പറയുന്നില്ല. തോല്‍ക്കുന്ന കളികളില്‍ എല്ലാം ഗംഭീറിന്‍റെ കുഴപ്പമെന്ന് പറയുന്നവര്‍ക്ക് ഗംഭീറിനെതിരെ എന്തെങ്കിലും അജണ്ടയുണ്ടാകാമെന്നും സീതാന്‍ഷു കൊടക് പറഞ്ഞു.

അതേ സമയം നവംബർ 22 മുതൽ 26 വരെ അസാമിന്റെ തലസ്ഥാനമായ ​ഗുവാഹത്തിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുക. ഈഡൻ ​ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിലാക്കാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം.

Content Highlights: Criticism against Gautam Gambhir is agenda-driven: Sitanshu Kotak

To advertise here,contact us