ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം വീണത് 19 വിക്കറ്റുകൾ. ആഷസ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു ദിവസം 19 വിക്കറ്റുകൾ വീഴുന്നത്. മുമ്പ് 1909ൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിന്റെ ആദ്യ ദിവസം 20 വിക്കറ്റുകളും വീണിരുന്നു. 116 വർഷത്തിന് ശേഷമാണ് ചരിത്രം ആവർത്തിക്കുന്നത്.
ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സ് ലീഡിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റൺസിന് മറുപടി പറഞ്ഞ ഓസ്ട്രേലിയ ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഓസ്ട്രേലിയയ്ക്ക് ഇനി 49 റൺസ് കൂടി വേണം. ഏഴ് വിക്കറ്റെടുത്ത് ഇംഗ്ലണ്ടിനെ തകർത്ത ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഇംഗ്ലീഷ് നായകൻ മറുപടി നൽകി.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിന്റെ ശൈലിയിൽ ബാറ്റുവീശിയ ഇംഗ്ലണ്ട് ടീമിന് ആദ്യ ഇന്നിങ്സിൽ 32.5 ഓവർ മാത്രമാണ് പിടിച്ചുനിൽക്കാനായത്. 39 റൺസിനിടെ ഇംഗ്ലണ്ടിന് ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. സാക്ക് ക്രോളിയും ജോ റൂട്ടും പൂജ്യത്തിന് പുറത്തതായപ്പോൾ ബെൻ ഡക്കറ്റ് 21 റൺസ് നേടിയും പുറത്തായി. പിന്നാലെ ഒലി പോപ്പും ഹാരി ബ്രൂക്കും ക്രീസിലൊന്നിച്ചതോടെ ഇംഗ്ലണ്ട് സ്കോർ മുന്നോട്ട് നീങ്ങി. എങ്കിലും 46 റൺസെടുത്ത ഒലി പോപ്പിനെ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് കാമറൂൺ ഗ്രീൻ പുറത്താക്കി.
രണ്ടാം സെഷനിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ആറ് റൺസോടെ പുറത്തായി. പിന്നാലെ ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് ബ്രൂക്ക് തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 61 പന്തിൽ അഞ്ച് ഫോറിന്റെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 52 റൺസാണ് ബ്രൂക്ക് അടിച്ചെടുത്തത്. താരത്തെ പുറത്താക്കി ഓസ്ട്രേലിയൻ പേസർ ബ്രണ്ടൻ ഡോഗെറ്റ് ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് നേട്ടം സ്വന്തമാക്കി.
ബ്രൂക്കിന് പിന്നാലെ ഇംഗ്ലണ്ട് അതിവേഗം ഓൾഔട്ടായി. അവസാന അഞ്ച് വിക്കറ്റിൽ വെറും 12 റൺസാണ് ഇംഗ്ലണ്ടിന് നേടാനായത്. 33 റൺസെടുത്ത ജാമി സ്മിത്തിന്റെ സംഭാവന ഇംഗ്ലണ്ട് ഇന്നിങ്സിൽ നിർണായകമായി. ഓസ്ട്രേലിയൻ ബൗളിങ് നിരയിൽ മിച്ചൽ സ്റ്റാർക് ഏഴും ബ്രണ്ടൻ ഡോഗെറ്റ് രണ്ട് വിക്കറ്റും വീഴ്ത്തി. അവശേഷിച്ച ഒരു വിക്കറ്റ് കാമറൂൺ ഗ്രീനാണ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയൻ നിരയിൽ ആർക്കും മികച്ച സ്കോറുകൾ കണ്ടെത്താൻ സാധിച്ചില്ല. 26 റൺസെടുത്ത അലക്സ് ക്യാരി, 24 റൺസെടുത്ത കാമറൂൺ ഗ്രീൻ, 21 റൺസെടുത്ത ട്രാവിസ് ഹെഡ് എന്നിവരാണ് ഓസ്ട്രേലിയൻ നിരയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 17 റൺസെടുത്ത് പുറത്തായി.
ഇംഗ്ലണ്ട് ബൗളിങ് നിരയിൽ ബെൻ സ്റ്റോക്സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചറും ബ്രൈഡൻ കാർസും രണ്ട് വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
Content Highlights: 19 wickets fall on Day 1 in Perth Ashes, most since 1909