സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പ് ട്വന്റി 20 പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് വൈകും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഈ മാസം 30ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ ഹാർദിക് കളിച്ചേക്കില്ല. പിന്നാലെ ഡിസംബർ ഒമ്പതിന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയിലാവും ഇന്ത്യൻ ടീമിൽ ഹാർദിക് തിരിച്ചെത്തുക. ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദിന പരമ്പരയിൽ ജസ്പ്രീത് ബുംമ്രയ്ക്കും വിശ്രമം അനുവദിച്ചേക്കും.
അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായാണ് ഹാർദിക്കിനെയും ബുംമ്രയെയും ഏകദിന പരമ്പരയിൽ ഒഴിവാക്കാൻ ബിസിസിഐ ആലോചിക്കുന്നത്. ട്വന്റി 20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ബറോഡയ്ക്കൊപ്പം കളിക്കാനും ഹാർദിക്കിന് ബിസിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മറ്റെന്നാൾ ആരംഭിക്കും. പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മത്സരത്തിൽ കളിച്ചേക്കില്ല. അങ്ങനെയെങ്കിൽ റിഷഭ് പന്ത് ഇന്ത്യൻ ടീമിന്റെ നായകനാകും. പിന്നാലെ ഏകദിന പരമ്പരയിൽ ഗില്ലിന് ഇന്ത്യൻ ടീമിൽ മടങ്ങിയെത്താൻ കഴിയുമെന്നാണ് സൂചന. ഗില്ലിന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന് പുതിയ നായകനെ കണ്ടെത്തേണ്ടി വരും. നിലവിൽ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യരും പരിക്കിന്റെ പിടിയിലാണ്. താരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചേക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
Content Highlights: Hardik Pandya is set to miss the ODI series against South Africa