'നിലപാട് ഒക്കെ എവിടെ പോയി'; മൽസരത്തിനിടെ പാക് താരത്തിന് കൈകൊടുത്ത ഹര്‍ഭജന് വിമർശനം

അബുദാബി ടി10 ലീഗ് മത്സരത്തിനിടെ പാകിസ്താന്‍ ക്രിക്കറ്റ് താരത്തിന് ഹസ്തദാനം നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്

അബുദാബി ടി10 ലീഗ് മത്സരത്തിനിടെ പാകിസ്താന്‍ ക്രിക്കറ്റ് താരത്തിന് ഹസ്തദാനം നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്. ഏഷ്യാ കപ്പിനിടെയുണ്ടായ ഇന്ത്യ-പാകിസ്താൻ താരങ്ങളുടെ ഹസ്തദാന വിവാദത്തിന്‍റെ ചൂടാറും മുമ്പെയുണ്ടായ സംഭവത്തിൽ ഹർഭജനെതിരെ വിമർശനം ഉയരുകയാണ്.

ഇന്നലെ അബുദാബി ടി10 ലീഗില്‍ നടന്ന ആസ്പിന്‍ സ്റ്റാലിയോണ്‍-നോര്‍ത്തേൺ വാരിയേഴ്സ് മത്സരത്തിനൊടുവിലാണ് ഹര്‍ഭജന്‍ വാരിയേഴ്സ് പേസറായ ദഹാനിക്ക് കൈകൊടുത്തത്.

ടൂര്‍ണമെന്റില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരേ ആസ്പിന്‍ സ്റ്റാലിയന്‍സിനെ നയിച്ചത് ഹര്‍ഭജനായിരുന്നു. ബുധനാഴ്ച സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം നാലു റണ്‍സിന് തോറ്റതിനു ശേഷമാണ് അവസാന ഓവര്‍ എറിഞ്ഞ ദാഹിനിക്ക് ഹര്‍ഭജന്‍ കൈ കൊടുത്തത്.

ഈ വര്‍ഷം ആദ്യം പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായ സാഹചര്യത്തിലാണ് കായിക രംഗത്തും ഇന്ത്യ-പാക് താരങ്ങള്‍ ഹസ്തദാനം ഒഴിവാക്കിത്തുടങ്ങിയത്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സര ശേഷം പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയിരുന്നില്ല. ടോസിന്റെ സമയത്തു പോലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയ്ക്ക് കൈ കൊടുത്തിരുന്നില്ല. ടൂര്‍ണമെന്റില്‍ ഫൈനലടക്കമുള്ള മത്സരങ്ങളിലും ഈ ഹസ്തദാനം ഒഴിവാക്കല്‍ തുടര്‍ന്നു.

പിന്നീട് ലോകകപ്പില്‍ വനിതാ ടീമും പാക് ടീമിന് കൈ കൊടുത്തിരുന്നില്ല. മാത്രമല്ല ലോക ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹര്‍ഭജന്‍, ശിഖര്‍ ധവാന്‍, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്‌ന എന്നിവരടക്കമുള്ള താരങ്ങള്‍ പാകിസ്താനെതിരേ കളിക്കാന്‍ തന്നെ വിസമ്മതിച്ചിരുന്നു.

ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നതിനിടെയാണ് ഹര്‍ഭജന്‍ തന്നെ പാക് താരത്തിന് ഹസ്തദാനം നല്‍കിയിരിക്കുന്നത്. വിഷയത്തിൽ പാകിസ്താനെതിരെ ശക്തമായ നിലപാട് പറഞ്ഞ ഒരാൾ കൂടിയായിരുന്നു ഹർഭജൻ.

Content Highlights:Harbhajan Singh Handshake Policy, With Pakistan Bowler

To advertise here,contact us