ന്യൂസിലാൻഡിനെതിരെ നേടിയ സെഞ്ച്വറി നേട്ടത്തോടെ ചരിത്രത്തിന്റെ ഭാഗമായി വെസ്റ്റ് ഇൻഡീസ് താരം ഷായ് ഹോപ്പ്. 69 പന്തിൽ 13 ഫോറുകളും നാല് സിക്സറും സഹിതം ഹോപ്പ് പുറത്താകാതെ 109 റൺസാണ് ഹോപ് നേടിയത്.
തന്റെ കരിയറിലെ 19-ാം ഏകദിന സെഞ്ച്വറിയാണ് 32കാരനായ ഹോപ്പ് ന്യൂസിലാൻഡിനെതിരെ നേടിയത്. വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേട്ടമെന്ന റെക്കോർഡിൽ ബ്രയാൻ ലാറയ്ക്കൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഹോപ്പിന് കഴിഞ്ഞു. 25 സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലാണ് ഹോപ്പിന് മുന്നിലുള്ളത്.
ഹോപ്പിന്റെ ഏകദിന കരിയറിലെ അതിവേഗ സെഞ്ച്വറിയുമാണിത്. 66 പന്തിലാണ് താരം സെഞ്ച്വറിയിലേക്കെത്തിയത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഓസ്ട്രേലിയയ്ക്കെതിരെ ഒഴികെ എല്ലാ ടീമുകൾക്കെതിരെയും ഹോപ്പ് ഏകദിനത്തിൽ സെഞ്ച്വറി നേട്ടം പൂർത്തിയാക്കി. ഏകദിനത്തിൽ വേഗത്തിൽ 6,000 റൺസ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വെസ്റ്റ് ഇൻഡീസുകാരനാകാനും ഹോപ്പിന് കഴിഞ്ഞു.
142 ഇന്നിങ്സുകളിൽ നിന്നാണ് ഹോപ്പിന്റെ നേട്ടം. 141 ഇന്നിങ്സുകളിൽ 6000 റൺസ് സ്വന്തമാക്കിയ സാക്ഷാൽ വിവിയൻ റിച്ചാർഡ്സാണ് ഈ നേട്ടത്തിൽ ഹോപ്പിന് മുന്നിലുള്ളത്. ഇതെല്ലാത്തിനും പുറമെ മറ്റാർക്കുമില്ലാത്ത അപൂർവ നേട്ടത്തിലും ഹോപ് എത്തി. ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെതിരെയും സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി. എല്ലാ ഫോർമാറ്റും ഉൾപ്പെടുത്തിയാണ് ഈ നേട്ടം.
ടെസ്റ്റ് കളിക്കുന്ന 10 രാജ്യങ്ങളിലും 9 രാജ്യങ്ങൾക്കെതിരെയും സെഞ്ച്വറി നേടിയത് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡായിരുന്നു.
ദ്രാവിഡ് വിരമിച്ചതിന് ശേഷം 2017 ൽ അഫ്ഗാനിസ്ഥാനും അയർലാൻഡും ടെസ്റ്റ് പദവി നേടി. സച്ചിൻ ടെണ്ടുൽക്കർ വിരമിക്കുന്നതുവരെ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിരുന്ന 9 ടീമുകൾക്കെതിരെയും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുണ്ട്. അയർലൻഡിനെതിരെ ഇതുവരെ വിരാട് കോഹ്ലി സെഞ്ച്വറി നേടിയിട്ടില്ല.
Content Highlights:West Indies' Shai Hope becomes first player to achieve this feat