'ഈഡനിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ ഒരൊറ്റ കാര്യം മതിയായിരുന്നു'; വി​ജയരഹസ്യം പറഞ്ഞ് സൈമൺ ഹാർമർ

'രണ്ടാം ദിവസം അവസാനിച്ചപ്പോൾ മത്സരം തീർന്നുവെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ വിധിയെഴുതിയത്'

ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിന്റെ കാരണം ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കൻ സ്പിന്നർ സൈമൺ ഹാർമർ. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഏഴിന് 93 റൺസെന്ന പരിതാപകരമായ നിലയിലായിരുന്നു. മൂന്നാം ദിവസം ഒരു മികച്ച കൂട്ടുകെട്ട് ലഭിച്ചാൽ മത്സരം വിജയിക്കാൻ കഴിയുമെന്നായിരുന്നു ടീമിന്റെ ചിന്ത. ടീം ക്യാപ്റ്റൻ തെംബ ബവൂമ അക്കാര്യം നന്നായി ചെയ്തുവെന്നും സൈമൺ ഹാമർ ടോക്സ്പോർട്ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

'രണ്ടാം ദിവസം അവസാനിച്ചപ്പോൾ മത്സരം തീർന്നുവെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ വിധിയെഴുതിയത്. എന്നാൽ ഒരു കൂട്ടുകെട്ട് ഉണ്ടായാൽ മത്സരഫലം മാറ്റാൻ കഴിയുമായിരുന്നു. ടീം ക്യാപ്റ്റൻ തെംബ ബവൂമ അക്കാര്യം ചെയ്തുതന്നു. ബവൂമ നേടിയ അർധ സെഞ്ച്വറി മികവിൽ ദക്ഷിണാഫ്രിക്കൻ സ്കോർ 150ലേക്കെത്തി. പിന്നാലെ ബൗളിങ്ങിനിറങ്ങിയപ്പോൾ മാർകോ ജാൻസൻ ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ വീഴ്ത്തി. ശുഭ്മൻ ​ഗിൽ പരിക്കിനെ തുടർന്ന് കളിക്കില്ല എന്നതിനാൽ ഇന്ത്യൻ സ്കോർ ഒരു റൺസിൽ മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു. അതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിൽ വിജയസാധ്യത ഉണ്ടായത്.' കൃത്യമായി ടീമിന്റെ പരിശ്രമമാണ് മത്സരവിജയത്തിലേക്കെത്തിയെതെന്നും സൈമൺ ഹാമർ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ 30 റൺസിന്റെ തോൽവിയാണ് ഇന്ത്യ നേരിട്ടത്. ബൗളർമാരെ അമിതമായി പിന്തുണച്ച പിച്ചിൽ മൂന്ന് ദിവസം മാത്രമാണ് ടെസ്റ്റ് മത്സരം നടന്നത്. രണ്ടാം ടെസ്റ്റ് വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. നവംബർ 22 മുതൽ ​ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റിന് തുടക്കമാകുക.

Content Highlights: South Africa's Simon Harmer reveals the reason for the victory in the first cricket test

To advertise here,contact us