ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ഷായി ഹോപ്പിന്റെ പ്രകടനമാണ് കിവീസിനെതിരെ വെസ്റ്റ് ഇൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്. മഴമൂലം 34 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു.
നേരത്തെ മഴപെയ്ത പിച്ചിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തിരഞ്ഞെടുത്തു. കൃത്യമായ ഇടവേളകളിൽ വിൻഡീസ് മുൻനിര തകർന്നടിഞ്ഞപ്പോൾ ഷായി ഹോപ്പ് ഒരറ്റത്ത് പിടിച്ചുനിന്നു. 69 പന്തിൽ 13 ഫോറുകളും നാല് സിക്സറും സഹിതം ഹോപ്പ് പുറത്താകാതെ 109 റൺസെടുത്തു. അക്കീം അഗസ്റ്റി 22, ജസ്റ്റിൻ ഗ്രീവ്സ് 22, റൊമാരിയോ ഷെപ്പേർഡ് 22, മാത്യൂ ഫോർഡ് 21 എന്നിങ്ങനെയാണ് വിൻഡീസ് നിരയിലെ മറ്റ് സംഭവാനകൾ. ഒരു ഘട്ടത്തിൽ അഞ്ചിന് 86 എന്നും പിന്നീട് ആറിന് 130 എന്നും തകർന്ന വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത് ഷായി ഹോപ്പിന്റെ സെഞ്ച്വറിയാണ്.
ചില ചരിത്ര നേട്ടങ്ങളുടെ ഭാഗമാകാനും ഈ സെഞ്ച്വറിയോടെ ഹോപ്പിന് കഴിഞ്ഞു. തന്റെ കരിയറിലെ 19-ാം ഏകദിന സെഞ്ച്വറിയാണ് 32കാരനായ ഹോപ്പ് ന്യൂസിലാൻഡിനെതിരെ നേടിയത്. വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേട്ടമെന്ന റെക്കോർഡിൽ ബ്രയാൻ ലാറയ്ക്കൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഹോപ്പിന് കഴിഞ്ഞു. 25 സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലാണ് ഹോപ്പിന് മുന്നിലുള്ളത്.
ഹോപ്പിന്റെ ഏകദിന കരിയറിലെ അതിവേഗ സെഞ്ച്വറിയുമാണിത്. 66 പന്തിലാണ് താരം സെഞ്ച്വറിയിലേക്കെത്തിയത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഓസ്ട്രേലിയയ്ക്കെതിരെ ഒഴികെ എല്ലാ ടീമുകൾക്കെതിരെയും ഹോപ്പ് ഏകദിനത്തിൽ സെഞ്ച്വറി നേട്ടം പൂർത്തിയാക്കി. ഏകദിനത്തിൽ വേഗത്തിൽ 6,000 റൺസ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വെസ്റ്റ് ഇൻഡീസുകാരനാകാനും ഹോപ്പിന് കഴിഞ്ഞു. 142 ഇന്നിങ്സുകളിൽ നിന്നാണ് ഹോപ്പിന്റെ നേട്ടം. 141 ഇന്നിങ്സുകളിൽ 6000 റൺസ് സ്വന്തമാക്കിയ സാക്ഷാൽ വിവിയൻ റിച്ചാർഡ്സാണ് ഈ നേട്ടത്തിൽ ഹോപ്പിന് മുന്നിലുള്ളത്.
Content Highlights: Shai Hope inked histories while scoring hundred against NZ