രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് വിജയപ്രതീക്ഷ. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് 404 റൺസ് വിജയലക്ഷ്യത്തിലേക്ക് മധ്യപ്രദേശ് ബാറ്റിങ് തുടരുകയാണ്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 44 റൺസെടുത്തിട്ടുണ്ട്. മത്സരം വിജയിക്കാൻ മധ്യപ്രദേശിന് ഇനി വേണ്ടത് 360 റൺസാണ്. കേരളത്തിന് വേണ്ടത് എട്ട് വിക്കറ്റുകളും.
സ്കോർ കേരളം ഒന്നാം ഇന്നിങ്സിൽ 281, മധ്യപ്രദേശ് ഒന്നാം ഇന്നിങ്സിൽ 192. കേരളം രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്ത് ഡിക്ലയർ ചെയ്തു. മധ്യപ്രദേശ് രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 44 റൺസ്.
നേരത്തെ നാലാം ദിവസം രാവിലെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന നിലയിലാണ് കേരളം രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് പുനരാരംഭിച്ചത്. സച്ചിൻ ബേബിയുടെയും ബാബ അപരജിത്തിന്റെയും സെഞ്ച്വറിയാണ് നാലാം ദിവസം കേരളത്തെ അതിവേഗം മികച്ച സ്കോറിലെത്തിച്ചത്. സച്ചിൻ ബേബി പുറത്താകാതെ 122 റൺസ് നേടിയപ്പോൾ 105 റൺസെടുത്ത ബാബ അപരജിത്ത് പരിക്കേറ്റ് ഇന്നിങ്സ് പൂർത്തിയാക്കാൻ കഴിയാതെ മടങ്ങി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിൽ മധ്യപ്രദേശിന് റൺസെടുക്കും മുമ്പ് ഹർഷ് ഗാവാലിയെയും 19 റൺസെടുത്ത യാഷ് ദുബെയെയും നഷ്ടമായി. രണ്ട് വിക്കറ്റും ശ്രീഹരി എസ് നായരാണ് സ്വന്തമാക്കിയത്.
Content Highlights: Ranji Trophy Cricket, Kerala hoping for victory against Madhya Pradesh