രോഹിത് ശർമയെ മറികടന്ന് ഡാരൽ മിച്ചൽ ഒന്നാമത്; ന്യൂസിലാൻഡ് ക്രിക്കറ്റിൽ 46 വർഷത്തിൽ ഇതാദ്യമായി ചരിത്ര നേട്ടം

ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ സെഞ്ച്വറി നേടിയതാണ് ഡാരൽ മിച്ചലിൻ്റെ ചരിത്ര നേട്ടത്തിന് കാരണം

ഐസിസി ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ന്യൂസിലാൻഡ് താരം ഡാരൽ മിച്ചൽ. ഇന്ത്യയുടെ രോഹിത് ശർമയെ മറികടന്നാണ് മിച്ചലിന്റെ ചരിത്ര നേട്ടം. 46 വർഷത്തിൽ‌ ഇതാദ്യമായാണ് ന്യൂസിലാൻഡ് ക്രിക്കറ്റിൽ ഒരു താരം ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. 1979ൽ ​ഗ്ലെൻ ടേണറാണ് അവസാനമായി ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തിയ ന്യൂസിലാൻഡ് താരം.

ഓസ്ട്രേലിയയ്ക്കെതിരെ ഒക്ടോബറിൽ നടന്ന ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ താരം രോഹിത് ശർമയെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. നിലവിൽ 781 പോയിന്റോടെ ഡാരൽ മിച്ചലിന് തൊട്ടുപിന്നിൽ രോഹിത് ശർമയുണ്ട്. 782 പോയിന്റാണ് മിച്ചൽ നേടിയിരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ ശുഭ്മൻ ​ഗിൽ നാലാം സ്ഥാനത്തും വിരാട് കോഹ്‍ലി അഞ്ചാം സ്ഥാനത്തുമുണ്ട്. എട്ടാമതുള്ള ശ്രേയസ് അയ്യരാണ് ഐസിസി റാങ്കിങ്ങിൽ ആദ്യ 10ലുള്ള മറ്റൊരു ഇന്ത്യൻ താരം.

ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ സെഞ്ച്വറി നേടിയാണ് ഡാരൽ മിച്ചൽ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. 119 പന്തിൽ 118 റൺസായിരുന്നു മിച്ചൽ നേടിയത്. മത്സരത്തിൽ ന്യൂസിലാൻഡിന് ഏഴ് റൺസിന്റെ വിജയവും നേടാൻ സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസാണ് നേടാൻ കഴിഞ്ഞത്.

Content Highlights: Daryl Mitchell becomes number one ODI batter

To advertise here,contact us