വീണ്ടും ഡബിൾ സെഞ്ച്വറി; ആഭ്യന്തര ക്രിക്കറ്റിൽ പുതിയ താരോദയമായി കർണാടകയുടെ സ്മരൺ

സീസണില്‍ നേരത്തെ കേരളത്തിനെതിരെയും താരം പുറത്താവാതെ ഇരട്ടശതകം കുറിച്ചിരുന്നു

രഞ്ജി ട്രോഫിയില്‍ വീണ്ടും ഡബിൾ സെഞ്ച്വറിയുമായി കര്‍ണാടകയുടെ യുവ സൂപ്പര്‍ താരം സ്മരണ്‍ രവിചന്ദ്രന്‍. ചണ്ഡിഗഢിനെതിരേ 362 പന്തുകളില്‍ പുറത്താവാതെ താരം 227 റണ്‍സാണ് നേടിയത്. 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്.

സീസണില്‍ നേരത്തെ കേരളത്തിനെതിരെയും താരം പുറത്താവാതെ ഇരട്ടശതകംകുറിച്ചിരുന്നു. കഴിഞ്ഞവര്‍ഷം രഞ്ജിയില്‍ പഞ്ചാബിനെതിരേയും ഇരട്ടസെഞ്ച്വറി നേടി. കഴിഞ്ഞ വിജയ് ഹസാരെ 2024-25 സീസണ്‍ ഫൈനലില്‍ കര്‍ണാടകയ്ക്കുവേണ്ടി മാച്ച് വിന്നിങ് സെഞ്ചുറിയും (101 റണ്‍സ്) നേടി.

22 വയസ്സുകാരനായ താരത്തിന്റെ പേരില്‍ നിലവില്‍ മൂന്ന് ഇരട്ട സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഒട്ടേറെ അര്‍ധ സെഞ്ച്വറികളുമുണ്ട്. 13 ഫസ്റ്റ്ക്ലാസ് മത്സരത്തിൽ നിന്ന് 1000 റണ്‍സ് പിന്നിടും ചെയ്തു.

ഐപിഎലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് സ്മരണ്‍. ആകസ്മികമായാണ് ടീമിലെത്തിയതെങ്കിലും പരിക്ക് വില്ലനായി. 2025 സീസണില്‍ ഓസീസ് സ്പിന്നര്‍ ആദം സാംപയ്ക്ക് പകരക്കാരനായി 30 ലക്ഷം രൂപയ്ക്കാണ് എസ്ആര്‍എച്ച് സ്മരണിനെ ടീമിലെടുത്തത്.

എന്നാൽ പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍നിന്ന് പുറത്തുപോവേണ്ടിവന്നു. സ്മരണിന് പരിക്കേറ്റതോടെ പകരം ഹര്‍ഷ് ദുബെയെ ടീമിലെത്തിക്കുകയായിരുന്നു. എങ്കിലും 2026 സീസണില്‍ ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങളില്‍ സ്മരണുണ്ട്.

Content Highlights: smaran ravichandran again with double century in ranji trophy

To advertise here,contact us